ഭർത്താവിനെയും മക്കളെയും മറയാക്കി… കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ വൻ ട്വിസ്റ്റ്….

മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ പുതിയ വഴിത്തിരിവ്. കടത്തുസ്വർണം കൈക്കലാക്കാൻ അറസ്റ്റിലായ തലശ്ശേരി സ്വദേശിനി പ്രിയങ്ക (34) വൻ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സ്വർണം പൊട്ടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്തത് പ്രിയങ്കയാണെന്നാണ് അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തൽ. ഭർത്താവിനെയും മക്കളെയും മറയാക്കി അറസ്റ്റിലായ പ്രതികൾക്കൊപ്പം സ്വർണം കവർച്ച ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്.
ദുബായിൽ നിന്ന് സ്വർണം കടത്തിയെത്തിയ പ്രിയങ്ക കുടുംബത്തെ മറയാക്കി കവർച്ചാ നീക്കത്തിന് ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, യുവതിയുടെ ഭർത്താവിന് സംഭവത്തിൽ പങ്കില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ദുബായിൽ വെച്ചാണ് സ്വർണക്കവർച്ചയുടെ ഗൂഢാലോചന നടന്നതെന്നാണ് വിവരം. ദുബായിൽ വെച്ച് സ്വഫ്വാൻ എന്നയാളാണ് സ്വർണം നൽകിയതെന്നാണ് പ്രിയങ്കയുടെ മൊഴി. കേസിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവർ നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്രീലാലിനെതിരെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട കവർച്ചാ കേസുമുണ്ട്. ഇയാൾ സ്വർണം പൊട്ടിക്കൽ സംഘത്തിലെ സജീവ അംഗമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.



