നുണകളുടെ ഫാക്ടറിയായി മുഖ്യമന്ത്രി…. ആർലേക്കർ പറഞ്ഞാൽ സതീശന് വേദവാക്യം… മുഖ്യമന്ത്രിക്കെതിരെ….

ദില്ലി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി. രാജീവ്. മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശങ്ങൾക്ക് വഴങ്ങിയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്നും സംഘി മുഖ്യമന്ത്രിയെപ്പോലെയാണ് അദ്ദേഹത്തിന്റെ നടപടികളെന്നും പി. രാജീവ് ആരോപിച്ചു. മുഖ്യമന്ത്രി നുണകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർവകലാശാലയിൽ വിദ്യാർഥികൾക്കെതിരെ ആദ്യം കേസെടുത്തത് വഴിതടഞ്ഞതിനായിരുന്നു. എന്നാൽ പിന്നീട് അത് വൈസ് ചാൻസലറെ കൈയേറ്റം ചെയ്തെന്ന കേസായി മാറിയതെങ്ങനെയെന്ന് പി. രാജീവ് ചോദിച്ചു.
ഗവർണർ നേരിട്ട് ഡിജിപിയെ വിളിച്ചാണ് കേസിൽ ഇടപെട്ടതെന്നാണ് പി. രാജീവിന്റെ ആരോപണം. ചരിത്രത്തിൽ അപൂർവമായ നടപടിയാണിതെന്നും ഗവർണറുടെ ഇടപെടലിൽ മുഖ്യമന്ത്രി കുറ്റകരവും ഭരണഘടനാവിരുദ്ധവുമായ മൗനം പാലിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ നിർദേശപ്രകാരമാണ് പൊലീസ് എഫ്ഐആറിൽ മാറ്റം വരുത്തിയതെന്നും പി. രാജീവ് ആരോപിച്ചു. ‘ആർലേക്കർ പറഞ്ഞാൽ സതീശന് വേദവാക്യമാണ്. എന്ത് മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്?’ എന്നായിരുന്നു പി. രാജീവിന്റെ ചോദ്യം. ഒരു കേസിൽ അന്വേഷണം നടക്കുന്നതിനിടെ വിദ്യാർഥികൾ ആക്രമിച്ചുവെന്ന് മുഖ്യമന്ത്രി പരസ്യമായി പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രിസഭയുടെ ഉപദേശവും ശുപാർശയും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി. ചുരുങ്ങിയ സമയം കൊണ്ട് സർക്കാർ പ്രകടമായ അഴിമതിയിലേക്കും ബിജെപി വിധേയത്വത്തിലേക്കും നീങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘എല്ലാവരെയും എല്ലാക്കാലത്തേക്കും കബളിപ്പിക്കാൻ കഴിയില്ല. കുറച്ചുകാലത്തേക്ക് എല്ലാവരെയും കബളിപ്പിക്കാം, കുറേ ആളുകളെ കുറേക്കാലത്തേക്കും കബളിപ്പിക്കാം’ എന്നും പി. രാജീവ് പറഞ്ഞു.




