ആരോഗ്യവകുപ്പിൽ വൻ പ്രഖ്യാപനം… 3000 ഡോക്ടർ തസ്തികകൾ… മൂന്ന് മാസത്തിനകം റോബോട്ടിക്….

പത്തനംതിട്ട: സംസ്ഥാനത്തെ ആരോഗ്യവകുപ്പിൽ 3000 ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ തസ്തികകളും വർധിപ്പിക്കും. പൊതുമേഖലാ ആരോഗ്യ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്ന് മാസത്തിനകം റോബോട്ടിക് സർജറി സംവിധാനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പദ്ധതി നടപ്പാക്കുക.
തുടർന്നുള്ള വർഷങ്ങളിൽ മറ്റ് മെഡിക്കൽ കോളേജുകളിലേക്കും സൗകര്യം വ്യാപിപ്പിക്കാനാണ് തീരുമാനം. ഈ വർഷം ആദ്യമാണ് റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) റോബോട്ടിക് സർജറി ആരംഭിച്ചത്. സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണ് റോബോട്ടിക് സർജറി. കംപ്യൂട്ടർ നിയന്ത്രിത റോബോട്ടിക് കൈകൾ ഉപയോഗിക്കുന്നതിനാൽ കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയ നടത്താൻ സാധിക്കും. ത്രിമാന ദൃശ്യങ്ങൾ നിരീക്ഷിച്ചുകൊണ്ട് ശസ്ത്രക്രിയാ വിദഗ്ധനാണ് റോബോട്ടിക് കൈകൾ നിയന്ത്രിക്കുന്നത്. അതേസമയം, എൻഎസ്എസിന്റെ പ്രവർത്തനങ്ങളെയും മന്ത്രി പരാമർശിച്ചു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എൻഎസ്എസ് പൊതുമേഖലാ സ്ഥാപനത്തിന് സമാനമാണെന്നും അലോപ്പതി ചികിത്സാ രംഗത്തേക്കും എൻഎസ്എസ് കടന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചില സ്വകാര്യ കമ്പനികൾ വിദേശ കമ്പനികളുടെ നിയന്ത്രണത്തിലാണെന്നും ഒരു ലക്ഷം രൂപ ചിലവുള്ള ചികിത്സയ്ക്ക് മൂന്ന് ലക്ഷം രൂപ വരെ ഈടാക്കുന്ന സാഹചര്യമുണ്ടെന്നും മന്ത്രി വിമർശിച്ചു. എന്നാൽ ജീവനക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പെടെ പരിഗണിക്കുമ്പോൾ എൻഎസ്എസ് സർക്കാർ സ്ഥാപനത്തിന് സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും തസ്തികകൾ വർധിപ്പിക്കുന്നതിനൊപ്പം അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ സർക്കാർ മെഡിക്കൽ കോളേജുകളിലേക്ക് എത്തിക്കാനുള്ള പ്രഖ്യാപനവും ആരോഗ്യരംഗത്ത് ശ്രദ്ധേയമാകുകയാണ്.




