കാലിക്കറ്റ് സർവകലാശാല പ്രോ വിസി നിയമനം… വിശദീകരണം തേടി…

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ പ്രോ വൈസ് ചാൻസലർ നിയമനത്തിൽ വിശദീകരണം തേടി ഉന്നതവിദ്യാഭ്യാസ വകുപ്പ് സർവകലാശാലയ്ക്ക് കത്തയച്ചു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഡോ. റഷീദ് അഹമ്മദിനെ പ്രോ വിസിയായി നിയമിച്ചതിലാണ് വകുപ്പിന്റെ ഇടപെടൽ. മുസ്ലിം ലീഗിന്റെ എതിർപ്പിന് പിന്നാലെയാണ് നടപടി. റഷീദ് അഹമ്മദ് പ്രൊഫസറായിരുന്ന കരുവാരക്കുണ്ട് കെ.ടി.എം. കോളേജിനോടും ഉന്നതവിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.
സർക്കാർ മുൻകൂർ അനുമതിയില്ലാതെ എങ്ങനെയാണ് പ്രോ വൈസ് ചാൻസലറായി നിയമിച്ചതെന്നാണ് സർവകലാശാലയോടുള്ള പ്രധാന ചോദ്യം. കെ.ടി.എം. കോളേജിൽ നിന്ന് റഷീദ് അഹമ്മദിനെ ഏത് അടിസ്ഥാനത്തിലാണ് വിടുതൽ ചെയ്തതെന്നും നിയമനം നടത്താനുണ്ടായ സാഹചര്യം എന്താണെന്നും വ്യക്തമാക്കണമെന്നാണ് വകുപ്പിന്റെ നിർദേശം. ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് സർവകലാശാല റഷീദ് അഹമ്മദിനെ പ്രോ വൈസ് ചാൻസലറായി നിയമിച്ചത്. സർവകലാശാല വൈസ് ചാൻസലർ വ്യക്തിതാത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം. റഷീദ് അഹമ്മദ് മുസ്ലിം ലീഗ് നേതാവാണ്. എന്നാൽ പ്രോ വൈസ് ചാൻസലർ സ്ഥാനത്തേക്ക് ലീഗിന്റെ നോമിനിയായി നിർദേശിക്കപ്പെട്ടിരുന്നത് ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ സക്കീർ ഹുസൈനായിരുന്നു. ഈ നിർദേശം മറികടന്നാണ് റഷീദ് അഹമ്മദിനെ നിയമിച്ചതെന്നാണ് ലീഗിന്റെ ആക്ഷേപം.
