മന്ത്രിമാരെയല്ല, വനിതാ വിദഗ്ധരെയാണ് വേണ്ടത്… സർക്കാരിനോട് അതൃപ്തിയുമായി മന്ത്രി

കൊച്ചി: ആസൂത്രണ ബോർഡിലെ വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട അതൃപ്തി പരസ്യമാക്കി മന്ത്രി ബിന്ദു കൃഷ്ണ. വിഷയ വിദഗ്ധരായ വനിതകളെയാണ് ബോർഡിൽ ഉൾപ്പെടുത്തേണ്ടിയിരുന്നതെന്നും മന്ത്രിമാരെ അംഗങ്ങളാക്കണമെന്നല്ല തങ്ങൾ ആവശ്യപ്പെട്ടതെന്നും ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് ചേരുന്ന ആസൂത്രണ ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച വിഷയം ചർച്ചയായേക്കുമെന്നാണ് വിവരം.

വനിതകളെ വിദഗ്ധ അംഗങ്ങളായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിന്ദു കൃഷ്ണ നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. വിദഗ്ധ അംഗങ്ങളുടെ പട്ടികയിൽ വനിതകളില്ലെന്ന കാര്യവും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് വനിതാ മന്ത്രിമാരായ കെ. തുളസിയെയും ബിന്ദു കൃഷ്ണയെയും ബോർഡിൽ ഉൾപ്പെടുത്തിയത്. ഡോ. എസ്.എസ്. ലാൽ, സി.എച്ച്. അബ്ദുൽ റഹീം എന്നിവരെയും അംഗങ്ങളാക്കിയിട്ടുണ്ട്. എന്നാൽ പുതുതായി ഉൾപ്പെടുത്തിയ വിദഗ്ധ അംഗങ്ങൾ രണ്ടുപേരും പുരുഷന്മാരാണ്. അതേസമയം, മിൽമ തിരുവനന്തപുരം യൂണിയനുമായി ബന്ധപ്പെട്ട വിഷയത്തിലും ബിന്ദു കൃഷ്ണ പ്രതികരിച്ചു. നിലവിലെ ഭരണസമിതി തുടരാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി നിർദേശിച്ച രീതിയിൽ നോട്ടീസ് നൽകി ഹിയറിങ് നടത്തിയ ശേഷം വീണ്ടും പിരിച്ചുവിടുമെന്നും അവർ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

Related Articles

Back to top button