ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ ഇളവ്… ഭക്തർക്ക് ഇനി…

പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണത്തിലെ നിയന്ത്രണത്തിൽ നേരിയ ഇളവ്. ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകിത്തുടങ്ങി. കഴിഞ്ഞ ദിവസം ഒരു ടിൻ അരവണ മാത്രമായി പരിമിതപ്പെടുത്തിയതിനെതിരെ ഭക്തരിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അരവണയ്ക്കും അപ്പത്തിനും നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തിയത്. അരവണ നിയന്ത്രണത്തിൽ ദേവസ്വം മന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അരവണ നിർമ്മാണ പ്ലാന്റിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് വിതരണം നിയന്ത്രിച്ചതെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശദീകരണം. എന്നാൽ കന്നിമാസ പൂജകൾക്കായി നട തുറന്നതോടെ പതിനായിരക്കണക്കിന് ഭക്തർ സന്നിധാനത്ത് എത്തിയ സാഹചര്യത്തിൽ നിയന്ത്രണം വലിയ പ്രതിഷേധത്തിന് ഇടയാക്കി. കഴിഞ്ഞ ദിവസങ്ങളിൽ 40,000ത്തിലധികം തീർഥാടകർ സന്നിധാനത്ത് എത്തിയിരുന്നു. ഇവർക്ക് ഒരു ടിൻ അരവണ മാത്രമാണ് ലഭിച്ചിരുന്നത്. ഇതോടെയാണ് നിയന്ത്രണം പിൻവലിക്കണമെന്ന ആവശ്യം ശക്തമായത്. തുടർന്നാണ് ഇപ്പോൾ രണ്ട് ടിൻ അരവണ വീതം നൽകാൻ തീരുമാനിച്ചത്. അതേസമയം, ദേവസ്വം മന്ത്രി കെ. മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇതിനിടെ ചർച്ചയാകുന്നുണ്ട്. അരവണ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി ദേവസ്വം ബോർഡ് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചെങ്കിലും ലഭിച്ച മറുപടിയിൽ മന്ത്രി തൃപ്തനായില്ലെന്നാണ് വിവരം.
മണ്ഡലകാലത്തിന് ഇനി രണ്ട് മാസം മാത്രം ശേഷിക്കെ ശബരിമലയിലെ ഒരുക്കങ്ങൾ വേഗത്തിലാക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. തീർഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് ശബരിമലയിലെ മുഴുവൻ മരാമത്ത് പണികളും ഒക്ടോബർ 30നകം പൂർത്തിയാക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകിയിരുന്നു. കന്നിമാസ പൂജകൾക്കായി നട തുറന്നതോടെ വലിയ തീർഥാടക തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. മണ്ഡലകാലത്തിന് മുന്നോടിയായി അരവണ ഉൾപ്പെടെയുള്ള പ്രസാദ വിതരണ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയും ഇതോടെ കൂടുതൽ ശ്രദ്ധ നേടുകയാണ്.



