പിഎസ്‌സി പരീക്ഷാക്രമക്കേട്: നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്…

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച് രംഗത്ത്. ആസൂത്രണ ബോർഡ് പരീക്ഷയുടെ ഓൺസ്ക്രീൻ മാർക്കിങ് രീതി കാണണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സിക്ക് അന്വേഷണ സംഘം കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ക്രൈംബ്രാഞ്ച് സംഘം പട്ടത്തെ പിഎസ്‌സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും. വിവാദങ്ങൾ പുകയുന്നതിനിടെ തിങ്കളാഴ്ച വീണ്ടും പിഎസ്‌സി യോഗം ചേരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്ക് 100 മാർക്കിനായിരുന്നു പൊതുപരീക്ഷ നടന്നത്. ഇതിൽ 58 മാർക്ക് ഒഴിവാക്കി 42 മാർക്കിന് മാത്രം മൂല്യനിർണയം നടത്തി ഇടതു സംഘടനാ നേതാക്കൾക്ക് ഒന്നാം റാങ്കും നിയമനവും നൽകി എന്നാണ് ഉയർന്നുവന്നിരിക്കുന്ന പരാതി. ഈ സാഹചര്യത്തിൽ മൂല്യനിർണയം എങ്ങനെയാണ് നടന്നത് എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ഇതിനായാണ് ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനത്തിന്റെ ഡെമോ കാണണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവെച്ചത്. നാളെ പിഎസ്‌സി ആസ്ഥാനത്ത് വെച്ച് അന്വേഷണസംഘം ഈ ഡെമോ പരിശോധന നടത്തും.

പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ മാർക്ക് വിവരങ്ങൾ പിഎസ്‌സി ഇതിനകം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെങ്കിലും, ഒറിജിനൽ ഉത്തരക്കടലാസുകളും ഉത്തരസൂചികകളും ഇതുവരെ കൈമാറിയിട്ടില്ല. ഇവ പിഎസ്‌സി ആസ്ഥാനത്തെത്തി നേരിട്ട് പരിശോധിക്കണമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളിലും നാളെത്തന്നെ പരിശോധനയുണ്ടാകും. ക്രൈംബ്രാഞ്ചിന്റെയും ആഭ്യന്തര വിജിലൻസിന്റെയും അന്വേഷണം പുരോഗമിക്കവേയാണ് നാളത്തെ നിർണായക പി.എസ്.സി യോഗം നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Back to top button