കോഴിക്കോട് പാളയത്ത് യുവാവിനെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം….

കോഴിക്കോട്: പാളയത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും, എന്നാൽ എന്ത് ആയുധമാണ് കൃത്യത്തിനായി ഉപയോഗിച്ചത് എന്ന് വ്യക്തമല്ലെന്നും സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി അറിയിച്ചു. പാളയം സ്വദേശിയായ ബിജുവിനെയാണ് (45) ഇന്ന് പുലർച്ചെ വീടിനോട് ചേർന്നുള്ള മുറിയിൽ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

ബിജുവിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. തല പൊട്ടി ചോര വാർന്ന നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം പുറംലോകമറിയുന്നത്. പുലർച്ചെ ഏറെ നേരം ബിജുവിനെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് ബിജുവിന്റെ മാതാവ് ബേബി പറഞ്ഞു. ബിജു കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മാതാവാണ് ആദ്യം വിവരം പോലീസിനെ അറിയിച്ചത്.

മരണത്തിന് പിന്നിൽ ലഹരി മാഫിയയാണെന്ന് സംശയിക്കുന്നതായി മാതാവ് ബേബി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കുടുംബത്തിന്റെ സംശയം ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. നഗരമധ്യത്തിൽ നടന്ന കൊലപാതകമായതിനാൽ അതീവ ഗൗരവത്തോടെയാണ് പോലീസ് കേസിനെ കാണുന്നത്. ലഹരി അടക്കം പല പ്രശ്നങ്ങളും ഈ പ്രദേശത്തുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും സമീപപ്രദേശങ്ങളിൽനിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമായി മുന്നോട്ടുപോകുകയാണെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Related Articles

Back to top button