എം.എൽ.എയുടെ പി.എ ചമഞ്ഞ് വൃക്കരോഗിയുടെ പേരിൽ തട്ടിപ്പ്…

കൊച്ചി: പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടന്റെ പേഴ്‌സണൽ അസിസ്റ്റന്റാണെന്ന് (പിഎ) വ്യാജമായി പരിചയപ്പെടുത്തി പണപ്പിരിവിന് ശ്രമിച്ച കേസിൽ ഒരാളെ പെരുമ്പാവൂർ പൊലീസ് പിടികൂടി. സംഭവത്തിൽ ഉൾപ്പെട്ട പ്രധാനിയായ രണ്ടാമത്തെയാൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പണം വാങ്ങാൻ നേരിട്ടെത്തിയ ഗോപാലകൃഷ്ണൻ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എംഎൽഎയുടെ നാട്ടിലുള്ള ഒരു നിർധനയായ സ്ത്രീ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കായി ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അവരെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പുകാരൻ രംഗത്തെത്തിയത്.

എംസി റോഡ് സിഗ്നൽ ജംഗ്ഷന് സമീപം ലോട്ടറിക്കട നടത്തുന്ന സജിത്ത് എന്നയാളെ ‘സുരേഷ്’ എന്ന് പരിചയപ്പെടുത്തിയാണ് പ്രതി ഫോണിൽ ബന്ധപ്പെട്ടത്. ആദ്യം 1000 രൂപ ആവശ്യപ്പെട്ടെങ്കിലും 500 രൂപ മാത്രമേ നൽകാനാകൂവെന്ന് സജിത്ത് അറിയിച്ചു. തുടർന്ന് പണം വാങ്ങാൻ ആളെ നേരിട്ട് അയയ്ക്കാമെന്ന് സുരേഷ് പറഞ്ഞപ്പോൾ, ഗൂഗിൾ പേ വഴി പണം അയയ്ക്കാമെന്നും അതിനായി നമ്പർ നൽകണമെന്നും സജിത്ത് ആവശ്യപ്പെട്ടു. പല തവണ ആവശ്യപ്പെട്ട ശേഷമാണ് സുരേഷ് നമ്പർ കൈമാറിയത്. സുരേഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സജിത്ത് ഉടൻ തന്നെ മുൻ നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കലിനെയും കൗൺസിലർ കെ.സി. അരുൺ കുമാറിനെയും വിവരം അറിയിച്ചു. ഇവർ വഴി വിവരമറിഞ്ഞ മനോജ് മൂത്തേടൻ എംഎൽഎ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തന്റെ ഓഫീസിൽ ‘സുരേഷ്’ എന്ന പേരിൽ പിഎയോ മറ്റ് സ്റ്റാഫ് അംഗങ്ങളോ ഇല്ലെന്ന് എംഎൽഎ വ്യക്തമാക്കി.

എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കെണിയൊരുക്കുകയും പണം വാങ്ങാൻ നേരിട്ടെത്തിയ ഗോപാലകൃഷ്ണനെ കൈയോടെ പിടികൂടുകയുമായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ, സുരേഷ് എന്നയാളുടെ നിർദേശപ്രകാരമാണ് താൻ പണം വാങ്ങാൻ എത്തിയതെന്ന് ഗോപാലകൃഷ്ണൻ മൊഴി നൽകി. ഇയാളെ ചോദ്യം ചെയ്ത് കേസെടുത്ത ശേഷം താൽക്കാലികമായി വിട്ടയച്ചു. പ്രധാന പ്രതിയായ സുരേഷിനെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിന് സമീപത്തെ ഒരു ഭക്ഷണശാലയിലും സമാന രീതിയിൽ പണം തട്ടാൻ ശ്രമം നടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ഇത്തരത്തിലുള്ള തട്ടിപ്പ് ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും, കൂടുതൽ പരാതികൾ ലഭിച്ചാൽ അന്വേഷണം വിപുലീകരിക്കുമെന്നും പെരുമ്പാവൂർ പൊലീസ് അറിയിച്ചു.

Related Articles

Back to top button