ഈ റൂട്ടിൽ നാളെ സ്വകാര്യ ബസുകൾ ഓടില്ല, ഈ മാസം 27 മുതൽ അനിശ്ചിതകാല പണിമുടക്ക്

ഒറ്റപ്പാലം–ചെറുപ്പുളശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാളെ സ്വകാര്യ ബസുകൾ സർവീസ് നിർത്തും. റോഡ് നവീകരണ പ്രവൃത്തികൾ പാതിവഴിയിൽ നിലച്ചതും യാത്ര കൂടുതൽ ദുരിതകരമായതുമാണ് ബസുടമകളെ സമരത്തിലേക്ക് നയിച്ചത്.
നിലവിൽ എൺപതോളം സ്വകാര്യ ബസുകൾ ഈ പാതയിലൂടെ സർവീസ് നടത്തുന്നുണ്ട്. തകർന്ന റോഡിലൂടെ സർവീസ് നടത്തുന്നത് വാഹനങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി ബസുടമകൾ ചൂണ്ടിക്കാട്ടുന്നു.
അധികൃതർ നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നടപടിയുണ്ടായില്ലെന്നാണ് ബസുടമകളുടെ ആരോപണം. അതിനാലാണ് മുന്നറിയിപ്പെന്ന നിലയിൽ ആദ്യം ഏകദിന പണിമുടക്ക് പ്രഖ്യാപിച്ചതെന്നും അവർ വ്യക്തമാക്കി.
അതേസമയം, നാളത്തെ സമരത്തിനുശേഷവും റോഡ് അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ മാസം 27 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകി.



