ലോകകപ്പിന് അവധി വേണമെന്ന് കുട്ടികൾ പറയുന്നു, സർക്കാരിനും ആഗ്രഹമുണ്ട്… മന്ത്രി എ.പി. അനിൽകുമാർ

മലപ്പുറം: ലോകകപ്പ് പ്രമാണിച്ച് സ്കൂളുകൾക്ക് അവധി വേണമെന്ന് കുട്ടികൾ നേരിട്ട് തന്നെ പറയുന്നുണ്ടെന്നും അവധി കൊടുക്കണമെന്ന് സർക്കാരിന് ആഗ്രഹമുണ്ടെന്നും മന്ത്രി എ.പി. അനിൽകുമാർ. എന്നാൽ അവധി നൽകുന്നതുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അവധിയുടെ കാര്യത്തിൽ മുൻമന്ത്രി ശിവൻകുട്ടി പറഞ്ഞ കാര്യങ്ങളും പരിഗണനയിലുണ്ടെന്ന് മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി.

വഖഫ് വിഷയത്തിൽ മുസ്ലിം സംഘടനകൾക്കുണ്ടായ തെറ്റിദ്ധാരണകൾ സംസാരിച്ചാൽ മാറുന്നതേയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുകയാണ്. എൽഡിഎഫ് സർക്കാർ അനാവശ്യ ധൃതിയാണ് കാണിച്ചത്. അത് ആരെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നുവെന്നും മന്ത്രി ചോദ്യമുന്നയിച്ചു. വഖഫുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുതിയ നിലപാട് കൊണ്ടുവന്നപ്പോൾ അതിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നത് അംഗീകരിക്കാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നും മന്ത്രി അനിൽകുമാർ വ്യക്തമാക്കി.

ടാറ്റ കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രിയുമായും വ്യവസായ മന്ത്രിയുമായും ചർച്ച നടത്തി എന്നത് യാഥാർത്ഥ്യമാണ്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ മന്ത്രി തന്നെ പുറത്തു വിട്ടിട്ടുണ്ട്. ഈ ഇൻവെസ്റ്റ്മെന്റ് ചെറുതാണോ വലുതാണോ എന്ന് പിന്നീട് ആലോചിക്കേണ്ട കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button