പാർട്ടി നടപടി പുനഃപരിശോധിക്കണം…. കേന്ദ്രനേതൃത്വത്തിന് കത്തയച്ച്…

കണ്ണൂർ: തനിക്കെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പി.പി. ദിവ്യ. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് നീക്കിയതടക്കമുള്ള നടപടികൾ പുനഃപരിശോധിക്കണമെന്നാണ് കത്തിലെ ആവശ്യം.സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ജില്ലാ സെന്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ദിവ്യ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജില്ലാ സെന്ററിലെ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ മാറ്റിനിർത്തിയത് ജില്ലാ സെക്രട്ടറി പി.കെ. ശ്യാമളയാണെന്നും കത്തിൽ ആരോപിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം പുനഃപരിശോധന വേണമെന്നാണ് ദിവ്യയുടെ ആവശ്യം.കത്ത് ലഭിച്ചിട്ടുണ്ടെന്നും വിഷയം ചർച്ച ചെയ്യാമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. പി.പി. ദിവ്യയുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ദിവ്യ കേന്ദ്രനേതൃത്വത്തിന് കത്തയച്ചത്. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പി.പി. ദിവ്യയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.



