സൗജന്യ ഭക്ഷണ വിതരണം തടയരുത്… കമ്മ്യൂണിറ്റി കിച്ചൺ പൊളിഞ്ഞ പാളീസായതാണെന്ന്….

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്‌ഐ നടത്തിവരുന്ന പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ ചൂടുപിടിക്കുന്നു. പാർട്ടിയുടെ പേരും കൊടിയും വെച്ചല്ല പൊതിച്ചോറ് കൊടുക്കേണ്ടതെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. ഡിവൈഎഫ്‌ഐക്കെതിരെ കടുത്ത ഭാഷയിലായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ആശുപത്രിയുടെ അകത്തെ ഉത്തരവാദിത്തം മന്ത്രിക്കാണെന്നും ഡിവൈഎഫ്‌ഐക്കല്ലെന്നും മുരളീധരൻ ആറന്മുളയിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

എന്നാൽ, ആരോഗ്യമന്ത്രിക്ക് ഈഗോയാണെന്നാണ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ വിഷയത്തിൽ പ്രതികരിച്ചത്. സന്നദ്ധ സംഘടനകളുമായി ചർച്ച നടത്തുമെന്നും ഒരു കാരണവശാലും ആശുപത്രിക്കകത്ത് ഒരു പാർട്ടിയെയും കയറാൻ അനുവദിക്കില്ലെന്നും മന്ത്രി മുരളീധരൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയ പ്രവർത്തനങ്ങൾ ആശുപത്രിക്ക് അകത്ത് വേണ്ടെന്നും, യുഡിഎഫ് സർക്കാരിന്റെ തീരുമാനപ്രകാരം കമ്മ്യൂണിറ്റി കിച്ചനിലൂടെയാകും ഇനി ഭക്ഷണം നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ്, സേവാഭാരതി തുടങ്ങി ഒരു സംഘടനയുടെയും പേരിൽ ഭക്ഷണം നൽകേണ്ടതില്ലെന്നാണ് സർക്കാരിന്റെ നയം. പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചൺ ആലപ്പുഴ ജില്ലയിൽ ആദ്യം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ജനകീയ പ്രവർത്തനം തടയുന്നത് മനുഷ്യത്വ രഹിതമാണെന്നും എന്ത് വന്നാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നുമാണ് ഡിവൈഎഫ്‌ഐ നിലപാട്. കൊടിയുടെ നിറം നോക്കിയല്ല തങ്ങൾ ഭക്ഷണം നൽകുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പ്രതികരിച്ചു. എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതിയെന്നും, മെഡിക്കൽ കോളേജുകളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ഇല്ലാത്തതുകൊണ്ടാണ് ഈ പദ്ധതിയുമായി തങ്ങൾ മുന്നോട്ടുപോകുന്നതെന്നും വസീഫ് വ്യക്തമാക്കി. രാഷ്ട്രീയത്തിന്റെ പേരിൽ സൗജന്യ ഭക്ഷണ വിതരണം തടയരുതെന്നാണ് വിഷയത്തിൽ പി. രാജീവ് പ്രതികരിച്ചത്. ഡിവൈഎഫ്‌ഐ അടക്കം മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. എല്ലാ ആശുപത്രികളിലും സർക്കാർ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങട്ടെ, എന്നാൽ അതിനായി സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരുന്നാൽ അത് സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.

ആശുപത്രികളിലെ പൊതിച്ചോറ് വിതരണം തടസ്സപ്പെടുത്തരുതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രനും പ്രതികരിച്ചു. പൊതിച്ചോറ് വിതരണത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ വോട്ട് ചെയ്തിരുന്നെങ്കിൽ മുരളീധരൻ നിയമസഭ കാണില്ലായിരുന്നുവെന്നും, പൊതിച്ചോറിലെ ദുരഭിമാനം വെടിയുന്നതാണ് ആരോഗ്യമന്ത്രിക്ക് നല്ലതെന്നും സുരേന്ദ്രൻ പരിഹസിച്ചു. കോവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചൺ പൊളിഞ്ഞ് പാളീസായതാണെന്നും ഇത് കേരളത്തിൽ നടപ്പിലാകില്ലെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു.

Related Articles

Back to top button