ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയാൽ… മലയാളി കായികതാരങ്ങൾക്ക് വൻ പാരിതോഷികവുമായി സംസ്ഥാന സർക്കാർ

ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി മെഡൽ നേടാൻ ഇറങ്ങുന്ന മലയാളി കായികതാരങ്ങൾക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. സ്വർണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം രൂപയും വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും പാരിതോഷികമായി നൽകുമെന്ന് കായികമന്ത്രി ഒ.ജെ. ജീഷ് അറിയിച്ചു.
ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന കേരളത്തിലെ എല്ലാ താരങ്ങൾക്കും ഒരു ലക്ഷം രൂപ വീതം മുൻകൂറായി നൽകും. മെഡൽ നേട്ടത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പരിശീലകർക്കും പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണമെഡൽ നേടുന്ന താരത്തിന്റെ പരിശീലകന് അഞ്ച് ലക്ഷം രൂപയും വെള്ളി നേടുന്ന താരത്തിന്റെ പരിശീലകന് മൂന്ന് ലക്ഷം രൂപയും വെങ്കല ജേതാവിന്റെ പരിശീലകന് രണ്ട് ലക്ഷം രൂപയും നൽകും.
45 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. 43 കായിക ഇനങ്ങളിലായി 469 വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ‘തീജ്ജ്വാല’ എന്നർഥം വരുന്ന ‘ഹൊനോഹോനോ’യാണ് ഗെയിംസിന്റെ ഭാഗ്യചിഹ്നം. പാഡെൽ, തെക്ബോൾ തുടങ്ങിയ ഇനങ്ങൾ ഇത്തവണ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ജപ്പാനിലെ അയ്ച്ചി-നഗോയയിൽ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെയാണ് ഇരുപതാമത് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. മൂന്നാം തവണയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്. 1958ൽ ടോക്യോയിലും 1994ൽ ഹിരോഷിമയിലുമാണ് ഇതിനുമുമ്പ് ഗെയിംസ് നടന്നത്.



