മോദിയുടെ വേദിക്കരികിൽ സുരക്ഷാവീഴ്ച; വ്യാജ പിഎംഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും..

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന പരിപാടി നടക്കുന്ന വേദിയിൽ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട 24-കാരനെയും തോക്കുധാരിയായ ‘ബോഡിഗാർഡി’നെയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ബാന്ദ്ര-കുർള കോംപ്ലക്സിലെ (ബികെസി) നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ പരിസരത്തുനിന്നാണ് ഇരുവരെയും സുരക്ഷാ സേന പിടികൂടിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അതീവ സുരക്ഷ ഏർപ്പെടുത്തിയിരുന്ന വേദിയിൽ ഇരുവരുടെയും അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടയുകയായിരുന്നു.

പിഎംഒ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് യുവാവ് വേദിയിലേക്ക് കടക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പരിശോധനയിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന അംഗരക്ഷകനിൽ നിന്ന് തോക്ക് കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനാണെന്ന് തെളിയിക്കുന്നഔദ്യോഗിക തിരിച്ചറിയൽ രേഖകളൊന്നും ഹാജരാക്കാൻ സാധിച്ചില്ല. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് യുവാവ് സുരക്ഷാ വലയം ഭേദിച്ച് അകത്തുകടക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ഇരുവരെയും ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി.

പ്രധാനമന്ത്രി പങ്കെടുക്കുന്ന അതീവ സുരക്ഷാ മേഖലയിൽ തോക്കുമായി ആയുധധാരിയായ ഒരാളെയും കൂട്ടി വ്യാജ ഉദ്യോഗസ്ഥൻ എത്തിയതിനെ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികളും മുംബൈ പൊലീസും കാണുന്നത്. ഇവർ വേദിയിലേക്ക് എത്തിയതിന് പിന്നിലെ ലക്ഷ്യമെന്താണെന്നും മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്നും മുംബൈ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ചൊവ്വാഴ്ച വൈകിട്ട് 5:45-ന് ആഗോള ഫിൻടെക് ഫെസ്റ്റ് ഏഴാം പതിപ്പിന്റെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിൽ എത്താനിരുന്നത്. ലോകമെമ്പാടുമുള്ള ബാങ്കിംഗ് വിദഗ്ദ്ധരും നിക്ഷേപകരും സാങ്കേതിക വിദഗ്ദ്ധരും ഭരണാധികാരികളും പങ്കെടുക്കുന്ന വലിയ സമ്മേളനമായതിനാൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്.

Related Articles

Back to top button