ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയാൽ മലയാളി താരങ്ങൾക്ക് വൻ പാരിതോഷികം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി ഒ.ജെ. ജനീഷ്. സ്വർണ മെഡൽ നേടുന്നവർക്ക് 50 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാക്കൾക്ക് 30 ലക്ഷം രൂപയും വെങ്കല മെഡൽ നേടുന്നവർക്ക് 20 ലക്ഷം രൂപയും നൽകുമെന്ന് മന്ത്രി അറിയിച്ചു. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ മലയാളി താരങ്ങൾക്കും ഒരു ലക്ഷം രൂപ വീതം മുൻകൂറായി നൽകും. താരങ്ങൾക്ക് മികച്ച പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

മെഡൽ ജേതാക്കളുടെ പരിശീലകർക്കും പാരിതോഷികം ലഭിക്കും. സ്വർണ മെഡൽ നേടുന്ന താരത്തിന്റെ പരിശീലകന് അഞ്ച് ലക്ഷം രൂപയും വെള്ളി മെഡൽ ജേതാവിന്റെ പരിശീലകന് മൂന്ന് ലക്ഷം രൂപയും വെങ്കല മെഡൽ ജേതാവിന്റെ പരിശീലകന് രണ്ട് ലക്ഷം രൂപയും വീതം നൽകും. 2026ലെ ഏഷ്യൻ ഗെയിംസ് സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെ ജപ്പാനിലെ ഐച്ചി-നഗോയയിലാണ് നടക്കുന്നത്. കേരളത്തിൽ നിന്നുള്ള താരങ്ങൾ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയിൽ നിർണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button