വ്യാജ ഇമെയിൽ വഴി ലുലു ഗ്രൂപ്പിൽ നിന്ന് കോടികൾ തട്ടി… ഇറ്റാലിയൻ കമ്പനിയെന്ന…

കൊച്ചി: വ്യാജ ഇമെയിൽ വഴി ലുലു ഗ്രൂപ്പിനെ കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തു. ഇറ്റാലിയൻ കമ്പനിയുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ്. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലുലു ഗ്രൂപ്പുമായി ദീർഘകാലമായി വ്യാപാരബന്ധമുള്ള ഇറ്റാലിയൻ കമ്പനിയായ ‘IE Park S.R.L’ന്റെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളോട് സാമ്യമുള്ള വിലാസങ്ങൾ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്.
സെപ്റ്റംബർ രണ്ട് മുതൽ 29 വരെയുള്ള കാലയളവിലാണ് സംഭവം. ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് നൽകാനുണ്ടായിരുന്ന പണമാണ് തട്ടിയെടുത്തത്. വ്യാജ ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ച് കമ്പനിയെ കബളിപ്പിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.



