അട്ടപ്പാടി ഇരട്ടക്കൊലയിൽ വഴിത്തിരിവ്… പ്രതി പിടിയിൽ

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസാണ് പിടിയിലായത്. യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് നിന്ന് പശ്ചിമ ബംഗാളിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസമായി കൊല്ലപ്പെട്ട യുവതിക്കൊപ്പമാണ് പ്രതി താമസിച്ചിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമാണെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് പറയുന്നു. അതേസമയം, കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. ഭവാനിപ്പുഴയിൽ ചാക്കുകളിൽ കെട്ടിയ നിലയിലാണ് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൊലപാതകം പുഴയിൽവച്ചുതന്നെ നടത്തിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. യുവതിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരം. കുഞ്ഞിന്റെ മരണകാരണം കഴുത്തുഞെരിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Related Articles

Back to top button