ലോട്ടറി ടിക്കറ്റിലെ അവസാന നമ്പർ തിരുത്തി തട്ടിപ്പ്… ഗൂഗിൾ പേ…

തൃശൂർ: ലോട്ടറി ടിക്കറ്റിന്റെ അവസാന നമ്പർ ലെഡ് പെൻസിൽ ഉപയോഗിച്ച് തിരുത്തി സമ്മാനത്തുക തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. കൊല്ലം പുനലൂർ സ്വദേശി ഷാജ് (56) ആണ് ഗുരുവായൂർ ടെമ്പിൾ പൊലീസിന്റെ പിടിയിലായത്. സമാന രീതിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ 13 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗുരുവായൂർ മാഞ്ചിറ റോഡിൽ ലോട്ടറി കച്ചവടം നടത്തുന്ന കോട്ടപ്പടി സ്വദേശി സുന്ദരന്റെ പരാതിയിലാണ് നടപടി. സമാന കേസിൽ കാലടി പൊലീസ് നേരത്തെ ഷാജിനെ അറസ്റ്റ് ചെയ്തിരുന്നു.

വെള്ള കാറിലെത്തി ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. എന്നാൽ പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. തുടർന്ന് കാറിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരം ലഭിച്ചത്. കൊല്ലം ജില്ലയിലെ ഒരു പെട്രോൾ പമ്പിൽ നിന്ന് പ്രതി കാറിൽ ഇന്ധനം നിറച്ചതായി പൊലീസ് കണ്ടെത്തി. ഇന്ധനത്തിന്റെ പണം ഗൂഗിൾ പേ വഴി നൽകിയതും അന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടു. ഈ ഡിജിറ്റൽ ഇടപാടിന്റെ വിവരങ്ങൾ പിന്തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഗുരുവായൂർ എസിപി എം. സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ടെമ്പിൾ പൊലീസ് എസ്എച്ച്ഒ കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം കാലടിയിൽ നിന്നാണ് ഷാജിനെ കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button