ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.എ. രതീഷ് രാജിവച്ചു… റൂട്രോണിക്സ് എംഡി സ്ഥാനവും

തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.എ. രതീഷ് രാജിവച്ചു. റൂട്രോണിക്സ് മാനേജിങ് ഡയറക്ടർ സ്ഥാനവും അദ്ദേഹത്തിന് നഷ്ടമാകും. കേരള കശുവണ്ടി വികസന കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പ്രതിയായ കെ.എ. രതീഷ് പദവിയിൽ തുടരുന്നതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കിടെയാണ് രാജി. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കെ.എ. രതീഷ് സ്ഥാനം ഒഴിഞ്ഞത്. കശുവണ്ടി കോർപറേഷൻ മുൻ മാനേജിങ് ഡയറക്ടറായിരുന്ന രതീഷ് ഒരേസമയം മൂന്ന് സുപ്രധാന പദവികളുടെ ചുമതല വഹിച്ചിരുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അഴിമതിക്കേസിൽ പ്രതിയായിരിക്കെ പ്രധാന സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതിനെതിരെയാണ് കോടതി വിമർശനം ഉയർത്തിയത്. ഇതിന് പിന്നാലെയാണ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. റൂട്രോണിക്സ് എംഡി സ്ഥാനത്തുനിന്നും അദ്ദേഹം ഒഴിവാകുമെന്നാണ് വിവരം.



