മഴ മുന്നറിയിപ്പ് വീണ്ടും താളം തെറ്റി… അതിശക്ത മഴയ്ക്ക് പിന്നാലെ 10 ജില്ലകളിൽ….

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് വീണ്ടും പാളി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ആദ്യം ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും, പുലർച്ചെ മുതൽ ഇടുക്കി, പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.

ഇതിന് പിന്നാലെ രാവിലെ പത്ത് മണിയോടെയാണ് മുന്നറിയിപ്പ് പുതുക്കി പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പുതുക്കിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. ബുധനാഴ്ച ഒഴികെ അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡമനുസരിച്ച് 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന സാധ്യതയാണ് ഓറഞ്ച് അലർട്ട് സൂചിപ്പിക്കുന്നത്. യെല്ലോ അലർട്ട് എന്നാൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Related Articles

Back to top button