ഓച്ചിറ 28-ാം ഓണം… മൂന്ന് താലൂക്കുകൾക്ക് അവധി

കായംകുളം: ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിനും ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്കുമാണ് അവധി അനുവദിച്ചത്. കായംകുളം എം.എൽ.എയും സഹകരണ-എക്സൈസ് വകുപ്പ് മന്ത്രിയുമായ എം. ലിജുവിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് മുഖ്യമന്ത്രി അവധി അനുവദിച്ചത്.
ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. സെപ്റ്റംബർ 23നാണ് ഓച്ചിറയുടെ സാംസ്കാരികവും പാരമ്പര്യപരവുമായ പ്രധാന ആഘോഷങ്ങളിലൊന്നായ 28-ാം ഓണം നടക്കുന്നത്. ഓച്ചിറയിലും സമീപപ്രദേശങ്ങളിലുമുള്ള ജനങ്ങൾ ഏറെ പ്രാധാന്യത്തോടെയും ജനപങ്കാളിത്തത്തോടെയും ആഘോഷിക്കുന്ന പരിപാടിയാണിത്. ആഘോഷവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിലും ചടങ്ങുകളിലും പ്രദേശവാസികൾക്ക് സജീവമായി പങ്കെടുക്കുന്നതിനായി അവധി അനുവദിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയർന്നിരുന്നു. ആഘോഷത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് മന്ത്രിയുടെ ഇടപെടലിലൂടെ അവധി അനുവദിച്ചത്.
അതേസമയം, 28-ാം ഓണാഘോഷത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിന് തടസ്സമായി നിന്നിരുന്ന കൃഷ്ണപുരത്തെ 19 ഇലക്ട്രിക് പോസ്റ്റുകളുടെ കാര്യത്തിലും മന്ത്രിയുടെ ഇടപെടൽ ഫലം കണ്ടിരുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് ലൈനുകൾ മാറ്റി യു.ജി കേബിളുകൾ സ്ഥാപിക്കുന്ന നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതോടെ കൃഷ്ണപുരം നിവാസികളുടെ ഏറെനാളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.



