സി കെ നായിഡു ട്രോഫി….തമിഴ്നാടിനെതിരെ കേരളം ഇന്നിങ്സ് തോൽവിയിലേക്ക്…

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളത്തിന് ബാറ്റിങ് തകർച്ച. ആദ്യ ഇന്നിങ്സിൽ വെറും 46 റൺസിന് ഓൾ ഔട്ടായ കേരളം രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റിന് 99 റൺസെന്ന നിലയിലാണ്. മൂന്ന് വിക്കറ്റുകൾ ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളത്തിന് 170 റൺസ് കൂടി വേണം. നേരത്തെ തമിഴ്നാടിന്‍റെ ആദ്യ ഇന്നിങ്സ് 315 റൺസിന് അവസാനിച്ചിരുന്നു.

എട്ട് വിക്കറ്റിന് 289 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ തമിഴ്നാടിന്റെ ഇന്നിങ്സ് അധികം നീണ്ടില്ല. 25 റൺസെടുത്ത പ്രവീൺ രാമചന്ദ്രന്‍റെയും 21 റൺസെടുത്ത ദീപേഷ് ദേവേന്ദ്രന്‍റെയും വിക്കറ്റുകൾ വീഴ്ത്തി ആദിത്യ ബൈജു തമിഴ്നാട് ഇന്നിങ്സിന് അവസാനമിട്ടു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ ബൈജുവും അഭിജിത് പ്രവീണുമാണ് കേരളത്തിന്റെ ബൗളിങ് നിരയിൽ തിളങ്ങിയത്.

Related Articles

Back to top button