മണിപ്പൂരിലേക്ക് വീണ്ടും രാഹുൽ ഗാന്ധി… കലാപബാധിതരെയും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെയും കാണും

ഡൽഹി: വംശീയ സംഘർഷത്തെ തുടർന്ന് പലായനം ചെയ്യേണ്ടിവന്നവരെയും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെയും കാണാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. ഈ മാസം 26ന് സന്ദർശനം നടത്താനാണ് സാധ്യതയെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ചുരാചന്ദ്പുരും ഇംഫാലും രാഹുൽ ഗാന്ധി സന്ദർശിക്കും. ഒരു ദിവസത്തെ സന്ദർശനത്തിനായി ആദ്യം ഇംഫാലിലെത്തുന്ന രാഹുൽ ഗാന്ധി പിന്നീട് ചുരാചന്ദ്പുരിലേക്ക് പോകുമെന്നാണ് വിവരം.
അക്രമബാധിതരെയും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെയും അദ്ദേഹം കാണും. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ പ്രാദേശിക കോൺഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ വംശീയ സംഘർഷം ആരംഭിച്ച് മൂന്ന് വർഷത്തിലേറെ പിന്നിട്ടിട്ടും ആയിരക്കണക്കിന് കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. മണിപ്പൂർ സംഘർഷം ആരംഭിച്ചതിന് ശേഷം രാഹുൽ ഗാന്ധിയുടെ മൂന്നാമത്തെ സന്ദർശനമാണിത്. 2023 ജൂണിലും 2024 ജൂലൈയിലും അദ്ദേഹം മണിപ്പൂർ സന്ദർശിച്ചിരുന്നു.




