വിദ്യാഭ്യാസ നയത്തിൽ മാറ്റം വേണം… എസ്എഫ്ഐ നിലപാട് തിരുത്തണമെന്ന്…

കൊച്ചി: സ്വയംഭരണ എയ്ഡഡ്, സ്വാശ്രയ കോളജുകൾക്ക് പുതിയ കോഴ്സുകൾ തുടങ്ങാനും സീറ്റുകൾ വർധിപ്പിക്കാനും ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് കെഎസ്യു. തീരുമാനം വക്രീകരിക്കാനാണ് എസ്എഫ്ഐ ശ്രമിക്കുന്നതെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു. വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ഇത് തിരിച്ചറിഞ്ഞാണ് യുഡിഎഫ് സർക്കാർ നയപരമായ തീരുമാനമെടുത്തതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
മുൻ സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിൽ മനംമടുത്താണ് യുവാക്കൾ സംസ്ഥാനം വിട്ടുപോയതെന്നും അദ്ദേഹം വിമർശിച്ചു. കോഴ്സുകൾക്ക് സർവകലാശാലയുടെ അനുമതി ആവശ്യമായതിനാലാണ് വീണ്ടും സർക്കാർ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കാൻ തീരുമാനിച്ചതെന്നും അലോഷ്യസ് സേവ്യർ വിശദീകരിച്ചു. വിഷയത്തിൽ എസ്എഫ്ഐ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളജുകൾക്ക് നൽകിയ ഇളവുകളിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കോഴ്സുകൾ ആരംഭിക്കുന്നതിലെ കാലതാമസം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഒഴിവാക്കാനാണ് തീരുമാനമെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ വിശദീകരണം. എന്നാൽ, സർക്കാർ തീരുമാനം വിദ്യാഭ്യാസ കച്ചവടത്തിന് വഴിയൊരുക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.



