മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരനും സഹോദരിയും…

കൊടുങ്ങല്ലൂർ: തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ സഹോദരനും സഹോദരിയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. കടലായി കാരുമാത്ര കളത്തിപ്പറമ്പിൽ സുരേന്ദ്രന്റെയും സിന്ധുവിന്റെയും മക്കളായ സുമ (26), ശരത്ത് (22) എന്നിവരാണ് മരിച്ചത്.
കൊച്ചിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ലാബ് അധ്യാപികയായിരുന്ന സുമ പക്ഷാഘാതത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സഹോദരിയെ കാണാൻ ആശുപത്രിയിലെത്തിയ ശരത്ത്, സുമയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അറിഞ്ഞതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങി. തുടർന്ന് ശരത്തിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ചികിത്സയിലായിരുന്ന സുമയും മരണത്തിന് കീഴടങ്ങി. കടലായി സ്വദേശികളായ കുടുംബം കഴിഞ്ഞ രണ്ട് വർഷമായി പുല്ലൂറ്റ് പി.ഡബ്ല്യു.ഡി. ഉന്നതിക്ക് സമീപം വാടകവീട്ടിലായിരുന്നു താമസം.



