കോടതിയിൽ കൂളായി ജോളി…വിചാരണനടപടിക്കായി മാറാട് പ്രത്യേക കോടതിയിൽ ഹാജരായി

കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളി വെള്ളിയാഴ്ച വിചാരണനടപടിക്കായി മാറാട് പ്രത്യേക കോടതിയിൽ ഹാജരായി. കോടതിവരാന്തയിലെ ബെഞ്ചിന് പുറത്തിരുന്ന് തമാശപറഞ്ഞ് ചിരിച്ച് മുഴുവൻസമയവും ഹാപ്പിയായാണ് ജോളിയെ കണ്ടത്. മുൻഭർത്താവ് റോയ്‌തോമസ് കൊല്ലപ്പെട്ട കേസിൽ അന്വേഷണോദ്യോഗസ്ഥനായിരുന്ന മുൻ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസിനെ വിസ്തരിക്കുമ്പോൾ വലിയ ഭാവമാറ്റങ്ങളൊന്നുമില്ലാതെ കോടതിമുറിയിൽ ഓരോപോയിന്റും ശ്രദ്ധയോടെ കേട്ടിരിക്കുന്നുണ്ടായിരുന്നു.

മുൻഭർത്താവും ഭർത്തൃപിതാവും മാതാവും ബന്ധുക്കളുമടക്കം ആറുപേരെയാണ് ജോളി സയനൈഡ് നൽകി കൊന്നത്. റോയ് തോമസിന്റെ അമ്മ പൊന്നാമറ്റം വീട്ടിൽ അന്നമ്മയെ കൊന്നകേസിൽ കുറ്റപത്രംവായിച്ച് കേൾക്കിപ്പിക്കാനാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ജോളിയെകൊണ്ടുവന്നത്. പക്ഷേ, റോയ് തോമസ് കേസിൽ സാക്ഷിവിസ്താരം നടക്കുന്നതിനിടെ അന്വേഷണോദ്യോഗസ്ഥന് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനാൽ ഉച്ചയോടെ കോടതിനടപടികൾ അവസാനിപ്പിച്ചു. കുറ്റപത്രം വായിച്ചുകേൾപ്പിക്കലും നടന്നില്ല. അതുകൊണ്ട് സാക്ഷിവിസ്താരത്തിനും ജോളിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കാനുമായി കേസ് ശനിയാഴ്ചയിലേക്ക് മാറ്റി.

Related Articles

Back to top button