25 ലക്ഷം നിക്ഷേപ തട്ടിപ്പ് കേസ്… ആരോപണം നിഷേധിച്ച് മുൻ റാന്നി എംഎൽഎ

ആലപ്പുഴ: നൂറനാട് സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ വിശദീകരണവുമായി മുൻ റാന്നി എംഎൽഎ പ്രമോദ് നാരായൺ. തനിക്ക് ബന്ധമില്ലാത്ത ആരോപണത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പ്രമോദ് നാരായൺ പറഞ്ഞു.
2011ൽ കമ്പനി നിയമപ്രകാരമാണ് നൂറനാട് സ്വകാര്യ സ്കൂൾ ആരംഭിച്ചതെന്ന് പ്രമോദ് നാരായൺ വ്യക്തമാക്കി. 2021ൽ എംഎൽഎയായപ്പോൾ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ച് ഒഴിഞ്ഞിരുന്നു. ഏറെക്കാലമായി സ്ഥാപനവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ചുമതലയും ഇല്ലെന്നും നിക്ഷേപകരുമായി ബന്ധപ്പെട്ട തർക്കത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതിയിലാണ് നൂറനാട് പൊലീസ് പ്രമോദ് നാരായണിനെ രണ്ടാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. 2014-15 കാലയളവിലാണ് കേസിനാസ്പദമായ 25 ലക്ഷം രൂപ നിക്ഷേപിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. താൻ ജീവിതത്തിൽ ഇന്നുവരെ ശുദ്ധി കാത്തുസൂക്ഷിച്ചാണ് മുന്നോട്ടുപോയതെന്നും തനിക്ക് ബന്ധമില്ലാത്ത വിഷയത്തിലാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നതെന്നും പ്രമോദ് നാരായൺ പ്രതികരിച്ചു.
അതേസമയം, കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നാണ് നൂറനാട് പൊലീസിന്റെ വിശദീകരണം. കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ സംഭവത്തിൽ യഥാർഥത്തിൽ എന്താണ് നടന്നതെന്ന് വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ കെപിസിസി നിർവാഹക സമിതി അംഗം കെ. സാദിഖ് അലിയും മറ്റ് പ്രതികളും നൂറനാട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിനെതിരെ ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. കേസിൽ ഉയർന്ന ആരോപണങ്ങളിലും പ്രതികളുടെ വിശദീകരണങ്ങളിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.



