മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി… ഒരാളെ കൂടി കണ്ടെത്താനുണ്ട്…

വണ്ടൂർ: ചോക്കാട് ടികെ കോളനിയിൽ കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. വണ്ടൂർ സ്വദേശി കുപ്പനത്ത് സജാദ് (23), കരുവാരകുണ്ട് തരിശ് സ്വദേശി സ്രാമ്പിക്കൽ റഹീം (30) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ ഹമീദിന്റെ മകൻ അനസ് യാസീൻ (25), തിരൂർ സ്വദേശി പരന്നപറമ്പൻ മുഹമ്മദ് കുട്ടി (65) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

കണ്ടെടുത്ത മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശവാസിയായ സജിത എന്ന സ്ത്രീയും മലവെള്ളപ്പാച്ചിലിൽപ്പെട്ടതായി സൂചനയുണ്ട്. ഇവർക്കായുള്ള തിരച്ചിലും തുടരുകയാണ്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കോഴിപ്പാറ മലവാരത്തിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. ശക്തമായ ഒഴുക്കിൽ നിരവധി പേർ അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. മുഴുവൻ പേരെയും കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. മന്ത്രി എ.പി. അനിൽകുമാറും ആര്യാടൻ ഷൗക്കത്ത് എംഎൽഎയും രാത്രി തന്നെ ദുരന്തമേഖലയിൽ എത്തിയിരുന്നു. കൂടുതൽ പേരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് വ്യാപകമായ തിരച്ചിലാണ് നടക്കുന്നത്.

Related Articles

Back to top button