ലോക കേരളസഭയ്ക്ക് ഒരു രൂപ പോലും അനുവദിച്ചിട്ടില്ല… മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫിന്റെ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക കേരളസഭ തുടരേണ്ടതില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിൽ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയ രീതിയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ലോക കേരളസഭ സെക്രട്ടേറിയറ്റിന് നിലവിൽ പ്രത്യേക ഓഫീസ് സംവിധാനമുണ്ട്. അവിടുത്തെ ഭരണപരമായ ചെലവുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കും തുക അനുവദിച്ചിട്ടുണ്ട്. പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തരം പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായും തുക അനുവദിച്ചിട്ടുണ്ട്. ലോക കേരളസഭയ്ക്കായി തുക അനുവദിച്ചെന്ന തരത്തിൽ ഉയർന്നുവന്ന പ്രചാരണങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്. ലോക കേരളസഭയുടെ ആറാം എഡിഷൻ സംഘടിപ്പിക്കുന്നതിന് പ്രത്യേകമായി യാതൊരു തുകയും ബജറ്റിൽ വകയിരുത്തിയിട്ടില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.

Related Articles

Back to top button