ഹരിപ്പാട് സ്വദേശിനി സാവരിയ കൊല്ലപ്പെട്ട കേസിൽ മലപ്പുറം സ്വദേശിക്ക് ഉസ്ബക്കിസ്ഥാനിൽ…

ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ പ്രതിയായ മലയാളി വിദ്യാർഥിക്ക് എട്ടര വർഷം തടവുശിക്ഷ വിധിച്ചതായി വിവരം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൽ അനാമിനാണ് ശിക്ഷ ലഭിച്ചതെന്ന് മരിച്ച സാവരിയയുടെ കുടുംബം നിയോഗിച്ച അഭിഭാഷകൻ അറിയിച്ചു. എന്നാൽ കോടതി വിധിയുടെ ഔദ്യോഗിക പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ സ്വദേശിനിയായ സാവരിയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
ഉസ്ബക്കിസ്ഥാനിൽ പഠിച്ചിരുന്ന സാവരിയയും ഒപ്പമുണ്ടായിരുന്ന മലയാളി വിദ്യാർഥി സദറുൽ അനാമും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കേസ്. തർക്കത്തിനിടെ സദറുൽ അനാം ലാപ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് ഹരിപ്പാട് പൊലീസ് അറിയിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സാവരിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടർന്നുണ്ടായ സങ്കീർണതകൾ കാരണം ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം ഇന്ത്യയിലെത്തിച്ചു. സംഭവത്തിന് പിന്നാലെ ഉസ്ബക്കിസ്ഥാൻ അധികൃതർ സദറുൽ അനാമിനെ കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ കഴിഞ്ഞ മാസം സാവരിയയുടെ പിതാവിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
ഉസ്ബക്കിസ്ഥാൻ ക്രിമിനൽ കോഡിലെ 104-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചതെന്നാണ് അഭിഭാഷകൻ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ വകുപ്പ് പ്രകാരം പരമാവധി പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷ അനുഭവിക്കേണ്ടത് ഉസ്ബക്കിസ്ഥാനിലെ ജയിലിൽ തന്നെയായിരിക്കും. അതേസമയം, കോടതി വിധിയുടെ ഔദ്യോഗിക പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. കേസിലെ വിധിയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഹരിപ്പാട് പൊലീസ് വ്യക്തമാക്കുന്നത്.




