16 വർഷത്തിന് ശേഷം വിധി… മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ…

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. കേസിൽ ആകെ 12 പ്രതികളാണുള്ളത്. ഇതിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. ആർഎസ്എസ് പ്രവർത്തകനായിരുന്ന രഞ്ജിത്തിനെ രാഷ്ട്രീയ വിരോധത്തെ തുടർന്ന് സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 ഒക്ടോബർ 17ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.

കോട്ടമുകളിലെ ബേക്കറിയിൽ നിൽക്കുകയായിരുന്ന രഞ്ജിത്തിനെ രണ്ട് കാറുകളിലും ബൈക്കിലുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളെയും കേസിൽ പ്രതിചേർത്തിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന പൊലീസുകാർ കൂറുമാറിയിരുന്നു. ഇതടക്കമുള്ള സാഹചര്യങ്ങൾക്കിടെയാണ് 11 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. പ്രതികൾക്കുള്ള ശിക്ഷ സംബന്ധിച്ച കോടതി ഉത്തരവ് ഇനി പുറത്തുവരാനുണ്ട്.

Related Articles

Back to top button