ഭാര്യയെ ക്രൂരമായി മർദ്ദിച്ചു… പിന്നാലെ പിറ്റ്ബുള്ളിനെക്കൊണ്ട് കടിപ്പിച്ചു… 58കാരൻ…

വരാപ്പുഴ: ഭാര്യയെ ക്രൂരമായി മർദ്ദിച്ചശേഷം വീട്ടിൽ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് കരിങ്ങാംതുരുത്തിൽ മാളോത്ത് പള്ളിക്ക് സമീപം അറയ്ക്കപ്പാട്ട് വീട്ടിൽ സുനിൽ (58) ആണ് അറസ്റ്റിലായത്. ഭാര്യ ഷൈനി (55) നൽകിയ പരാതിയിലാണ് വരാപ്പുഴ പൊലീസ് നടപടി സ്വീകരിച്ചത്. മദ്യപിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഭർത്താവ് പതിവായി മർദ്ദിക്കാറുണ്ടെന്നാണ് ഷൈനിയുടെ പരാതി.

രണ്ട് ദിവസം മുമ്പ് മുഖത്തടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പിന്നാലെ വീട്ടിൽ വളർത്തുന്ന പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെക്കൊണ്ട് കടിപ്പിച്ചെന്നും ഷൈനി പൊലീസിന് മൊഴി നൽകി. നായയുടെ കടിയേറ്റതിനെ തുടർന്ന് ഷൈനി പറവൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പ്രതിരോധ കുത്തിവെപ്പും എടുത്തു. ഭർത്താവിന്റെ മർദ്ദനത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതായും പരാതിയിലുണ്ട്. ഷൈനിയുടെ മൊബൈൽ ഫോൺ സുനിൽ എറിഞ്ഞുതകർത്തിരുന്നു. ഇക്കാര്യം സുനിലിന്റെ സുഹൃത്തുക്കളോട് പറഞ്ഞതാണ് മർദ്ദനത്തിന് കാരണമായതെന്നും പരാതിയിൽ പറയുന്നു. ചേന്നൂർ സ്വദേശിനിയായ ഷൈനിയുടെ രണ്ടാം വിവാഹമാണ് സുനിലുമായുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത വരാപ്പുഴ പൊലീസ് സുനിലിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related Articles

Back to top button