സർക്കാരിന്റെ ആറുമാസത്തെ പ്രവർത്തനത്തിൽ ജനം സംതൃപ്തർ… വിമർശനങ്ങൾ കാര്യമാക്കേണ്ടെന്ന് മന്ത്രി

പത്തനംതിട്ട: സർക്കാരിന്റെ ആറുമാസത്തെ പ്രവർത്തനത്തിൽ ജനങ്ങൾ സംതൃപ്തരാണെന്ന് മന്ത്രി കെ. മുരളീധരൻ. ജനങ്ങൾക്ക് സമീപിക്കാൻ കഴിയുന്ന സർക്കാരാണിതെന്നും മറ്റാർക്കെങ്കിലും അസംതൃപ്തിയുണ്ടോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ സംതൃപ്തി മാത്രം പരിഗണിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടൂർ പ്രകാശിന്റെ വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഭരണകക്ഷിയിലെ ചിലർ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.

പ്രതിപക്ഷം ദുർബലമായതിനാൽ ഭരണപക്ഷത്തിന്റെ പ്രവർത്തനത്തിന്റെ താളം തെറ്റാതിരിക്കാനുള്ള ഉപദേശമായാണ് ഇതിനെ കാണുന്നതെന്നും പ്രതിപക്ഷം സ്വയം കുഴിച്ച കുഴിയിൽ വീണെന്നും മന്ത്രി വിമർശിച്ചു. ബോർഡ്, കോർപ്പറേഷൻ വിഭജനം ഉടൻ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ശബരിമല തീർഥാടനത്തിനുള്ള മുന്നൊരുക്കങ്ങൾ ജൂലൈയിൽ തന്നെ ആരംഭിച്ചിരുന്നു. എംഎൽഎമാരുടെ യോഗം ചേർന്നിരുന്നു. വെർച്വൽ ക്യൂ സംവിധാനം സുഗമമായി പ്രവർത്തിക്കുന്നുണ്ട്. അപ്പവും അരവണയും ഉൾപ്പെടെ 45 ലക്ഷം യൂണിറ്റ് സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളെ വകുപ്പ് വിമർശനാത്മകമായാണ് വിലയിരുത്തിയതെന്നും എല്ലാം ഭംഗിയാണെന്ന് പറയേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിമർശനങ്ങളിലൂടെയാണ് ചില കാര്യങ്ങൾ മെച്ചപ്പെടുന്നത്. മുഖ്യമന്ത്രി ഫണ്ട് അനുവദിക്കുന്നതിൽ പിശുക്ക് കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലർ മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും വെള്ളത്തിന്റെ വാൽവ് അടയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. ഇത്തരം ശക്തികൾ ഭക്ഷണത്തിൽ എലിയെ കൊണ്ടിടാൻ പോലും മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവങ്ങൾ തടയാൻ പൊലീസിന് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button