അഴിമതിയുടെ കാര്യത്തിൽ പിണറായിയുടെ പാതയാണ് മുഖ്യമന്ത്രിക്ക്… കെ. സുരേന്ദ്രൻ

തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പാതയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്തുടരുന്നതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ആറുമാസം കൊണ്ട് തന്നെ സതീശൻ സർക്കാർ അഴിമതിയുടെ പേരെടുത്തെന്നും വൈദ്യുതി വാങ്ങൽ കരാറുകളിൽ കൊള്ള നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. പിണറായി വിജയനെതിരായ കേസുകളിൽ സതീശൻ ഒത്തുതീർപ്പുണ്ടാക്കിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
ശബരിമല മുന്നൊരുക്കങ്ങളിൽ സർക്കാരിന് വലിയ വീഴ്ചകളുണ്ടായി. സ്വർണക്കൊള്ളക്കേസ് പാതിവഴിയിൽ കിടക്കുകയാണ്. എസ്എഫ്ഐഒ കേസിൽ പിണറായി വിജയനും കുടുംബത്തിനും സർക്കാർ പിന്തുണ നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മസാല ബോണ്ട് വഴി 10,000 കോടി രൂപ കടമെടുത്ത് കേരളത്തിലെ ജനങ്ങളെ പണയപ്പെടുത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു. ബാലഗോകുലത്തിന്റെ ‘മയിൽപ്പീലി’ പരീക്ഷയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു. ബാലഗോകുലം വർഗീയ പ്രസ്ഥാനമാണോയെന്ന് ചോദിച്ച സുരേന്ദ്രൻ, സംഘടനയ്ക്ക് പരീക്ഷ നടത്താൻ അനുമതി നൽകുന്നില്ലെങ്കിൽ മറ്റാർക്കും അനുമതി നൽകേണ്ടെന്നും പറഞ്ഞു. സർക്കാർ ആദ്യം അനുമതി നൽകിയിരുന്നുവെന്നും ജില്ലാതല പരീക്ഷകൾ നടന്നുകൊണ്ടിരിക്കെയാണ് നടപടി വന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബാലഗോകുലം ഒരിക്കലും വർഗീയത പ്രചരിപ്പിച്ചിട്ടില്ലെന്നും സംഘടനയ്ക്ക് ഭ്രഷ്ട് കൽപ്പിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിം ലീഗിനും പരീക്ഷ നടത്താൻ അനുമതി നൽകുന്നുണ്ടെങ്കിൽ ബാലഗോകുലത്തിനും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളെ സംഘടനകളുടെ പേരിൽ വേർതിരിച്ചു കാണുകയാണെന്നും ആരോപിച്ചു. സർവശിക്ഷാ അഭിയാനിലെ നിയമനങ്ങളിലും ക്രമക്കേടുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആളുകളെ ജോലിയിൽ പ്രവേശിപ്പിക്കുന്നുവെന്നും ഇതുൾപ്പെടെ എല്ലാ വിഷയങ്ങളിലും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



