സഹോദരന്റെ കടത്തിന് വയോധിക സഹോദരിമാർ പെരുവഴിയിൽ…

കോഴിക്കോട്: കുറ്റിക്കാട്ടൂർ ഈസ്റ്റ് പൈങ്ങോട്ടുപുറത്ത് വയോധിക സഹോദരിമാരുടെ വീട് ജപ്തി ചെയ്ത സംഭവത്തിൽ പ്രതിഷേധം. ജപ്തി ചെയ്ത വീടിന് മുന്നിൽ പ്രേമയും സഹോദരി അമൃതവല്ലിയും ഇന്നലെ ഉച്ച മുതൽ സമരത്തിലാണ്. മരിച്ചുപോയ സഹോദരൻ ഫറോക്ക് സ്വദേശിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ കടം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വീടിന് ജപ്തി നടപടി ഉണ്ടായതെന്നാണ് സഹോദരിമാർ പറയുന്നത്. അഞ്ച് ലക്ഷം രൂപ കടമായി വാങ്ങിയതിൽ മൂന്നര ലക്ഷം രൂപ തിരികെ നൽകിയിരുന്നുവെന്നും ബാക്കി തുകയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ജപ്തി നടപടിയുണ്ടായതെന്നും ഇവർ ആരോപിക്കുന്നു. വീട് ജപ്തി ചെയ്തതിനെതിരെയാണ് സഹോദരിമാർ വീടിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചത്. സംഭവത്തിൽ അധികൃതരുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.



