‘നിങ്ങൾ കോൺഗ്രസുകാരനല്ലെന്ന് എനിക്കറിയാം, പക്ഷേ’…

കേരളത്തിൻറെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി വി ഡി സതീശൻറെ പേര് കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത് ഇന്നാണ്. പത്ത് ദിവസം നീണ്ട നാടകീയതയ്ക്കും അനിശ്ചിതത്വത്തിനും ഒടുവിലായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപനം. കെ സി വേണുഗോപാലിൻറെയും രമേശ് ചെന്നിത്തലയുടെയും പേരുകൾ മാറ്റിയാണ് വി ഡി സതീശൻ എന്ന പേര് അന്തിമമായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. പത്ത് ദിവസം നീണ്ട സസ്പെൻസിന് വിരാമമായി സതീശൻ മുഖ്യമന്ത്രി ആയതോടെ മലയാളികൾ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ചർച്ച ചെയ്യുന്നതും ഈ വിഷയമാണ്. ഇപ്പോഴിതാ സതീശനുമൊത്തുള്ള തൻറെ അനുഭവം പങ്കുവെക്കുകയാണ് നടൻ ഹരീഷ് പേരടി. മകൻറെ കല്യാണം വിളിക്കാനായി വി ഡി സതീശനെ കണ്ടപ്പോഴുള്ള അനുഭവമാണ് ഹരീഷ് പേരടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ഹരീഷ് പേരടിയുടെ കുറിപ്പ്
“എൻ്റെ മകൻ്റെ കല്യാണത്തിന് വിളിച്ചപ്പം മൂപ്പര് ഒറ്റകാര്യമേ എന്നോട് പറഞ്ഞുള്ളൂ…”നിങ്ങള് കോൺഗ്രസ്സ്കാരനല്ലാ എന്ന് എനിക്കറിയാം. എന്നാലും നിങ്ങളെ എനിക്ക് വലിയ ഇഷ്‌ടാ.. കാരണം സത്യം ഉറക്കെ വിളിച്ചു പറയുന്നവരോട് എനിക്ക് ഒരു ബഹുമാനമാണ്… ഞാൻ എന്തായാലും വരും” ഒരുപാട് തിരക്കിനിടയിലും മൂപ്പര് വന്ന് വാക്ക് പാലിച്ചു.. ഇത് ഇന്ന് പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പം പറയും? പ്രിയപ്പെട്ട VDS.. നിങ്ങൾ ഇന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപെട്ടപ്പോൾ സാധരണ മനുഷ്യരുടെ കേരളം ഇങ്ങിനെ സന്തോഷം കൊണ്ട് ഇളകി മറിയാൻ കാരണം.. നിങ്ങൾ സാധാരണ മനുഷ്യരുടെ കൂട്ടത്തിൽ നിന്ന് അവരുടെ ചൂടും ചൂരും നിസഹായതയും കണ്ണീരും നിലവിളിയും.. പുതിയ തലമുറയുടെ ഊർജ്ജവും പ്രതീക്ഷയും ഏറ്റെടുത്ത് നടന്നതുകൊണ്ടാണ്… നിങ്ങൾ ഈ കേരളത്തോട് വാക്ക് പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.. ആശംസകൾ.”
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ പൊതുജനത്തിനിടയിൽ ഏറ്റവും സ്വീകാര്യത വി ഡി സതീശന് ആയിരുന്നു. അതിനാൽ പ്രഖ്യാപനം വന്നതിന് പിന്നാലെ റോഡിലും സോഷ്യൽ മീഡിയയിലും കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകരുടെ ആഘോഷമാണ്. അതേസമയം തിങ്കളാഴ്ചയാണ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. ആരൊക്കെ മന്ത്രിമാർ ആവും, ഏതൊക്കെ വകുപ്പുകൾ ലഭിക്കും എന്നതാണ് രാഷ്ട്രീയ കേരളത്തിന് മുന്നിലുള്ള കൗതുകം നിറഞ്ഞ കാത്തിരിപ്പ്.
