ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഇരട്ടത്താപ്പിനെതിരെ പരസ്യപ്രതിഷേധവുമായി കവിയും അസിസ്റ്റൻറ് പ്രൊഫസറുമായ കെ.ആർ. ടോണി

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ സ്ഥിരനിയമനം നടപ്പാക്കുന്നതിൽ സിൻഡിക്കേറ്റും ഉന്നതരും കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ പരസ്യപ്രതിഷേധവുമായി കവിയും അസിസ്റ്റൻറ് പ്രൊഫസറുമായ കെ.ആർ. ടോണി. കോടതിവിധിയും സർക്കാർ ഉത്തരവും ഉണ്ടായിട്ടും തനിക്ക് അർഹതപ്പെട്ട മുൻകാല പ്രാബല്യത്തോടെയുള്ള സ്ഥിരനിയമനം സർവകലാശാല സിൻറിക്കേറ്റിലെ ചിലർ നിഷേധിക്കുകയായിരുന്നെന്ന് കെ.ആർ. ടോണി ഫെയ്‌സ്ബുക്കിലെ കുറിപ്പിൽ ആരോപിക്കുന്നത്. തനിക്ക് നീതി ലഭിക്കാൻ സർവകലാശാല പടിക്കൽ സമരം ആരംഭിക്കുമെന്നും അതിന് പൊതുജന പിന്തിണ വേണമെന്നും കെ.ആർ. ടോണി കുറിപ്പിൽ പറയുന്നു.

1998 ജനറൽ വിഭാഗത്തിൽ സ്ഥിരനിയമനത്തിനുള്ള റാങ്ക് ലിസ്റ്റിൽ തനിക്ക് താഴെ റാങ്കിലുണ്ടായിരുന്ന രഘുകുമാറിനെ 2011 മാർച്ച് 1 -ന് അസിസ്റ്റൻറ് പ്രൊഫസറായി സ്ഥിരപ്പെടുത്തിയ സാഹചര്യത്തിൽ കെ.ആർ. ടോണിയെയും അതേ തീയതി മുതൽ സ്ഥിരപ്പെടുത്തണമെന്ന് 2016 ജൂൺ 28 -ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടിരുന്നു. രണ്ട് മാസത്തിനകം ഇത് നടപ്പാക്കണമെന്നായിരുന്നു കോടതി വിധി. എന്നാൽ, 2016 ഡിസംബറിൽ മാത്രമാണ് അദ്ദേഹത്തിന് സർവകലാശാല സ്ഥിരനിയമനം നൽകിയത്. ഇതേതുടർന്ന് 2011 മാർച്ച് 1 മുതൽ തന്നെ, തനിക്ക് മുൻകാല പ്രാബല്യത്തോടെയുള്ള സ്ഥിര നിയമനം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചെന്ന് അദ്ദേഹം പറയുന്നു. കോടതി നിർദ്ദേശപ്രകാരം വിഷയം പരിശോധിച്ച വിദ്യാഭ്യാസ വകുപ്പ്, അദ്ദേഹത്തിന് 2011 മുതൽ മുൻകാല പ്രാബല്യത്തോടെ സ്ഥിരനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് വിഷയം ക്യാബിനറ്റിൻറെ പരിഗണനയ്ക്ക് വിട്ടു.

ക്യാബിനറ്റ് അംഗീകാരം നൽകിയ ശേഷമാണ് വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ ക്യാബിനറ്റ് പാസ്സാക്കിയ ഈ ഉത്തരവ് നടപ്പാക്കാതിരിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ മനപൂർവം ശ്രമിച്ചതായാണ് കെ.ആർ. ടോണി ആരോപിക്കുന്നത്. ഇടതുപക്ഷ അധ്യാപക സംഘടനയായ അസൂട്ട് സെക്രട്ടറി സത്യൻ, സിൻഡിക്കേറ്റ് അംഗങ്ങളായ ടി. മിനി, സുനിത ഗോപാലകൃഷ്ണൻ, ലിസി മാത്യു എന്നിവരാണ് ഉത്തരവ് നടപ്പാക്കുന്നതിൽ നിന്ന് സർവകലാശാലയെ തടഞ്ഞതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എസ്. അരുൺ കുമാർ തന്നോട് വ്യക്തമാക്കിയതായും കെ.ആർ. ടോണി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Related Articles

Back to top button