കനത്ത കാറ്റും മഴയും.. വീടിന് മുകളിൽ മരം വീണ് വയോധികയ്ക്ക് പരിക്ക്, പെരുമ്പാവൂരിൽ സ്കൂൾ ഓഡിറ്റോറിയം തകർന്നു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കോഴിക്കോട് വീടിന് മുകളിൽ മരം കടപുഴകി വീണ് വയോധികയ്ക്ക് പരിക്കേറ്റു. എറണാകുളം പെരുമ്പാവൂരിൽ സ്കൂൾ ഓഡിറ്റോറിയം പൂർണമായി തകർന്നുവീണപ്പോൾ ചാലക്കുടിയിലും പലയിടത്തും മരങ്ങളും പരസ്യബോർഡുകളും വീണ് ഗതാഗതം തടസ്സപ്പെട്ടു. സ്കൂൾ വിട്ട ശേഷമായതിനാൽ പെരുമ്പാവൂരിൽ വൻ ദുരന്തം ഒഴിവായി.

ചൊവ്വാഴ്ച ഉച്ചയോടെ കോഴിക്കോട് ഗ്രാമീണ, മലയോര മേഖലകളിലാണ് ശക്തമായ കാറ്റിനൊപ്പം മഴയെത്തിയത്. ബാലുശ്ശേരി പനങ്ങാട്ട് വീടിന് മുകളിലേക്ക് മരം കടപുഴകി വീണാണ് പ്രേമയ്ക്ക് പരിക്കേറ്റത്. പനങ്ങാട് സ്വദേശി ഭാസ്‌കരന്റെ ഭാര്യയും തൊഴിലുറപ്പ് തൊഴിലാളിയുമായ പ്രേമ ജോലി കഴിഞ്ഞ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.

ശക്തമായ കാറ്റിൽ മരം വീടിന് മുകളിലേക്ക് വീണതോടെ ഓടുകൾ തകർന്നുവീണ് പ്രേമയുടെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലകളിലും ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയും കാറ്റുമുണ്ടായി. പെരുമ്പാവൂർ ഓടക്കാലി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഓഡിറ്റോറിയമാണ് കാറ്റിൽ തകർന്നത്. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.

സ്കൂൾ വിട്ട് വിദ്യാർഥികൾ വീടുകളിലേക്ക് പോയതിന് ശേഷമായിരുന്നു ഓഡിറ്റോറിയം തകർന്നുവീണത്. സംഭവസമയത്ത് വിദ്യാർഥികളാരും സ്കൂൾ പരിസരത്ത് ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

സ്കൂളിനോട് ചേർന്ന് ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് നിർമിച്ച ഓഡിറ്റോറിയത്തിന്റെ തൂണുകളും മേൽക്കൂരയും പൂർണമായി തകർന്നുവീണു. പെരുമ്പാവൂർ, മൂവാറ്റുപുഴ, എറണാകുളം നഗരം എന്നിവിടങ്ങളിലും ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു.

Related Articles

Back to top button