ക്രീം തേച്ചാൽ സൗന്ദര്യം വരില്ല… ഓൺലൈൻ ക്രീമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും…

തിരുവനന്തപുരം: നിറം വർധിപ്പിക്കാനും മുഖകാന്തി കൂട്ടാനുമായി ഉപയോഗിക്കുന്ന ക്രീമുകൾക്കെതിരെ മുന്നറിയിപ്പുമായി മന്ത്രി കെ. മുരളീധരൻ. ക്രീമുകൾ ഉപയോഗിച്ചതുകൊണ്ട് സൗന്ദര്യം വർധിക്കില്ലെന്നും ഓൺലൈനിലൂടെ വാങ്ങുന്ന സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ നിർമാണവും ഗുണനിലവാരവും പരിശോധിച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും മന്ത്രി പറഞ്ഞു. സർക്കാർ അംഗീകരിച്ച ക്രീമുകൾ വിപണിയിൽ ലഭ്യമാണ്.
എന്നാൽ ഓൺലൈനിലൂടെ വിൽക്കുന്ന പല ഉൽപ്പന്നങ്ങളുടെയും നിർമാണത്തെക്കുറിച്ചും ചേരുവകളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭിക്കണമെന്നില്ല. ഇത്തരം ക്രീമുകൾ വാങ്ങുന്നവരും ഉപയോഗിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. നിറം വർധിപ്പിക്കാനുള്ള ക്രീമുകൾക്കെതിരെ പരാതി ലഭിച്ചാൽ പരിശോധന നടത്തി നടപടി സ്വീകരിക്കും. ഓൺലൈൻ ക്രീമുകളുടെ വിൽപ്പന നിയന്ത്രിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും നിയമവിരുദ്ധമായ വിൽപ്പന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് നിറം വർധിപ്പിക്കാനുള്ള ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് പതിനേഴുകാരിക്ക് ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ച സംഭവത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ക്രീമിലെ അമിതമായ മെർക്കുറിയുടെ സാന്നിധ്യമാണ് പെൺകുട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
മെർക്കുറിയുടെ അമിതസാന്നിധ്യം മൂലം മൂത്രത്തിലൂടെ ശരീരത്തിലെ പ്രോട്ടീൻ നഷ്ടപ്പെടുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് സ്ഥിരീകരിച്ചത്. രക്തസമ്മർദം കുറയുക, ക്ഷീണം, തലകറക്കം, ഉറക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പെൺകുട്ടിക്കുണ്ടായിരുന്നു. തുടർപരിശോധനയിൽ രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഉപയോഗിച്ചിരുന്ന ക്രീം പരിശോധനയ്ക്ക് അയച്ചപ്പോഴാണ് അമിതമായ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായത്. പ്രകൃതിദത്ത ചേരുവകളാണെന്ന് അവകാശപ്പെട്ട് വിൽപ്പന നടത്തിയിരുന്ന ക്രീമാണ് ഉപയോഗിച്ചിരുന്നതെന്ന് പെൺകുട്ടി വ്യക്തമാക്കിയിരുന്നു. നിറം വർധിപ്പിക്കാനുള്ള ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന് മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരും നേരത്തെ വെളിപ്പെടുത്തിയിരുന്നു.



