കേരളത്തിന് 106 കോടിയുടെ എസ്എസ്കെ ഫണ്ട്; പിഎം ശ്രീയിൽ കേന്ദ്രം വീണ്ടും കത്ത് നൽകി

പിഎം ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ കേരളത്തിന് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ നീക്കം. സമഗ്ര ശിക്ഷാ കേരളത്തിന് (എസ്എസ്കെ) 106 കോടി രൂപ കേന്ദ്രം അനുവദിച്ചു. പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിനെ തുടർന്ന് തടഞ്ഞുവച്ചിരുന്ന 1500 കോടി രൂപയുടെ കുടിശികയിൽനിന്നാണ് തുക അനുവദിച്ചത്. അതേസമയം, ഈ സാമ്പത്തിക വർഷത്തെ 480 കോടി രൂപയുടെ എസ്എസ്കെ ഫണ്ടും കേന്ദ്രം ഇതുവരെ അനുവദിച്ചിട്ടില്ല.

എസ്എസ്കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ കെ. മോഹൻകുമാർ ഡൽഹിയിലെത്തി കേന്ദ്ര ധനകാര്യ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് 106 കോടി രൂപ അനുവദിച്ചത്.

ഇതിനുപിന്നാലെ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്തും നൽകിയിരുന്നു. പദ്ധതി സംബന്ധിച്ച ധാരണാപത്രത്തിൽ മുൻ സംസ്ഥാന സർക്കാർ ഒപ്പുവച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളുകൾ തിരഞ്ഞെടുക്കുന്ന നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിർദേശം.

Related Articles

Back to top button