കാലിത്തീറ്റയെന്ന് പറഞ്ഞ് എത്തിച്ചത് ഹാൻസ്… പെരുമ്പാവൂരിൽ എക്സൈസ് റെയ്ഡ്

പെരുമ്പാവൂർ: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന പുകയില ഉൽപ്പന്ന വേട്ടയുടെ ഭാഗമായി പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടികൂടി. കോട്ടയത്ത് ഒരുകോടി 30 ലക്ഷം രൂപയുടെ വ്യാജ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പെരുമ്പാവൂരിൽ പരിശോധന നടത്തിയത്. പെരുമ്പാവൂർ ലോറി സ്റ്റാൻഡിനോട് ചേർന്നുള്ള പൂട്ടിക്കിടന്ന രണ്ട് വൻകിട ഗോഡൗണുകളിലാണ് എക്സൈസ് പരിശോധന നടത്തിയത്. കാലിത്തീറ്റയെന്ന വ്യാജേന ഹാൻസ് ചാക്കുകളിലാക്കി രാത്രികാലങ്ങളിൽ ലോറിയിലും മറ്റും എത്തിച്ച് ഗോഡൗണുകളിൽ സൂക്ഷിച്ചുവരികയായിരുന്നുവെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടത്തിന്റെ താഴ് പൊട്ടിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 26,250 പാക്കറ്റ് ഹാൻസ് കണ്ടെത്തി. വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിതരണം ചെയ്യാനുള്ള ശ്രമമാണിതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button