ആർ.ജെ.ഡി നേതാവടക്കം രണ്ടുപേരെ വെടിവെച്ചുകൊന്നു…. കേരളത്തിലേക്ക് കടന്ന പ്രതി….

കൊല്ലം: ബിഹാറിൽ ആർ.ജെ.ഡി നേതാവ് ബൈദുനാഥ് മാത്തൊ ഉൾപ്പെടെ രണ്ടുപേരെ വെടിവെച്ചുകൊന്ന കേസിൽ ഒളിവിലായിരുന്ന പ്രതി കൊല്ലത്ത് പിടിയിൽ. ബിഹാർ സീതാമഠി ജില്ലയിലെ ഡുമ്ര, കേഥരിയ സ്വദേശി മുഹമ്മദ് അജാജ് അഹമ്മദിനെയാണ് (30) കൊല്ലം ആണ്ടാമുക്കത്തുനിന്ന് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അതാബുൽ റഹ്‌മാൻ എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അറസ്റ്റ്. കുടുംബത്തോടൊപ്പം ആണ്ടാമുക്കത്ത് ഒളിവിൽ താമസിച്ചുവരികയായിരുന്നു പ്രതി. കൊല്ലത്തെ ചെരുപ്പുകടയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ ഒരു അഭിഭാഷകന്റെ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കൊല്ലം ഈസ്റ്റ് എസ്.ഐ. രഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്. കൊലപാതകം, വധശ്രമം, ആയുധനിയമ ലംഘനം, കവർച്ച, മോഷണം തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് ബിഹാറിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പതിനൊന്നിലേറെ കേസുകളുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. ഡുമ്ര, പുപ്രി, ബാജ്പട്ടി പൊലീസ് സ്റ്റേഷനുകളിൽ മോഷണം, കവർച്ച, ഭവനഭേദനം, ആയുധം കൈവശംവെക്കൽ തുടങ്ങിയ കുറ്റങ്ങൾക്കും മുസഫർപുരിലെ കത്ര സ്റ്റേഷനിൽ കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കും കേസുകളുണ്ട്. ബിഹാറിലെ കൊലപാതകത്തിനുശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്ന പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് കൊല്ലത്തെത്തിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയശേഷം പ്രതിയെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് ബിഹാർ പൊലീസിന് കൈമാറുമെന്ന് കൊല്ലം പൊലീസ് അറിയിച്ചു.

Related Articles

Back to top button