പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണം… രണ്ടാനച്ഛൻ മർദ്ദിച്ചിരുന്നെന്ന് അമ്മയുടെ….

പെരുമ്പാവൂർ: അസം സ്വദേശിയായ മൂന്ന് വയസുകാരന്റെ മരണത്തിൽ രണ്ടാനച്ഛനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ അമ്മ. മഹേശ്വർ കുട്ടിയെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്നും തല ഭിത്തിയിൽ ശക്തമായി ഇടിച്ചിരുന്നുവെന്നും അമ്മ പൊലീസിന് മൊഴി നൽകി. കുട്ടി ടെറസിൽ നിന്ന് വീഴുന്നത് കണ്ടിട്ടില്ലെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്. കുട്ടി ടെറസിൽ നിന്ന് വീണാണ് മരിച്ചതെന്നായിരുന്നു മഹേശ്വർ പൊലീസിനോട് പറഞ്ഞത്. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
എന്നാൽ കുറ്റം സമ്മതിച്ചിട്ടില്ല. കുട്ടിയുടെ മരണകാരണം തലയിലുണ്ടായ ആന്തരിക രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. കളമശ്ശേരി മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം. പെരുമ്പാവൂർ വല്ലത്തെ ക്വാർട്ടേഴ്സിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനി തൊഴിലാളിയാണ് മഹേശ്വർ. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബോധമില്ലാത്ത നിലയിലായിരുന്നുവെന്ന് കണ്ടവർ പറയുന്നു. കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഇയാൾ മറ്റുള്ളവരോട് പറഞ്ഞതെന്നും വിവരമുണ്ട്. കുട്ടിയുടെ ഇരുകവിളുകളിലും രക്തം കല്ലിച്ച പാടുകളും ശരീരത്തിൽ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസിയും ആരോപിച്ചു. ഈ മൊഴികളും സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. കുട്ടിയുടെ അമ്മയെയും സഹോദരിയെയും പൊലീസ് ഇടപെട്ട് ഷെൽട്ടർ ഹോമിലേക്ക് മാറ്റി.




