ഏഴിമല നാവിക അക്കാദമിയിൽ സുരക്ഷാ വീഴ്ച… വ്യാജ ഇന്ത്യൻ രേഖകളുമായി…

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ സുരക്ഷാ വീഴ്ച. ഇന്ത്യൻ പൗരനെന്ന വ്യാജ രേഖകളുമായി തന്ത്രപ്രധാന മേഖലയായ നാവിക അക്കാദമിയിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശി പൗരൻ പിടിയിൽ. ബിപ്ലബ് സോറൻ എന്ന പേരിലുള്ള വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ബംഗാളിലെ മുർഷിദാബാദ് പൊലീസിന്റെ പേരിലുള്ള വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയിരുന്നതായി കണ്ടെത്തി.

ഒരു വർഷത്തോളമായി നാവിക അക്കാദമിയിലെ ലോൺട്രി വിഭാഗത്തിൽ ഇയാൾ ജോലി ചെയ്തുവരികയായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അധികൃതർ ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് നാവികസേന ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തു. ഇതിനിടെ ഇയാളുടെ ഫോണിൽനിന്ന് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ പയ്യന്നൂർ പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വ്യാജ രേഖകൾ ഉപയോഗിച്ച് തന്ത്രപ്രധാനമായ സ്ഥാപനത്തിൽ ജോലി നേടിയത് സംബന്ധിച്ചും ഇയാൾക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടക്കും. അതേസമയം, രണ്ട് ദിവസം മുൻപ് കണ്ണൂരിലെ ഒരു സ്പായിൽനിന്ന് അഞ്ച് ബംഗ്ലാദേശി യുവതികളെയും പൊലീസ് പിടികൂടിയിരുന്നു. വ്യാജ ഇന്ത്യൻ രേഖകളുമായി താമസിച്ചിരുന്ന ഇവരെയും പരിശോധനയ്ക്കിടെയാണ് പൊലീസ് പിടികൂടിയത്.

Related Articles

Back to top button