തിരുപ്പതി ലഡ്ഡു നിർമാണത്തിന് ‘പശുനെയ്യ്’ എന്ന പേരിൽ പാം ഓയിൽ ഉൾപ്പെടെ… ഫാക്ടറി പ്രൊമോട്ടർ…

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു നിർമാണത്തിന് ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയെന്ന കേസിൽ സുകൃതി ഫുഡ്സ് പ്രൊമോട്ടർ കൈലാസ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 17ന് ഹൈദരാബാദ് ഓഫീസിൽവെച്ചാണ് മംഗ്ലയെ കസ്റ്റഡിയിലെടുത്തതെന്ന് ഇഡി അറിയിച്ചു. തുടർന്ന് വിശാഖപട്ടണത്തെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) ‘അഗ്മാർക്ക് സ്പെഷ്യൽ ഗ്രേഡ് പശുവിൻ നെയ്യ്’ എന്ന പേരിൽ വിതരണം ചെയ്ത നെയ്യ് ശുദ്ധീകരിച്ച പാമോയിൽ, പാം കേർണൽ ഓയിൽ, പാമോളിൻ തുടങ്ങിയവയും വിവിധ രാസവസ്തുക്കളും ഉപയോഗിച്ചാണ് നിർമിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. MG90, മോണോഗ്ലിസറൈഡുകൾ, മൈവാസെറ്റ് സോഫ്റ്റ് 400, അസറ്റിക് ആസിഡ് എസ്റ്റർ തുടങ്ങിയ രാസവസ്തുക്കളും മായം ചേർത്ത നെയ്യ് നിർമാണത്തിന് ഉപയോഗിച്ചെന്നാണ് ഏജൻസിയുടെ ആരോപണം. പിന്നീട് ഇത് പശുവിൻ നെയ്യ് എന്ന പേരിൽ ടിടിഡിക്ക് വിതരണം ചെയ്തതായും ഇഡി പറയുന്നു. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ ടിടിഡിക്ക് നൽകിയ വ്യാജ നെയ്യിന്റെ വിതരണത്തിന്റെ മൂല്യം 230 കോടി രൂപയാണെന്നാണ് ഇഡിയുടെ അവകാശവാദം. ഇതിൽ 96 കോടി രൂപയുടെ മായം ചേർത്ത നെയ്യ് മംഗ്ലയാണ് നിർമിച്ചതെന്നും ഏജൻസി ആരോപിക്കുന്നു.
മായം ചേർക്കുന്നതിനുള്ള വസ്തുക്കൾ സംഭരിക്കുന്നതിന് സൗകര്യമൊരുക്കുകയും സ്വന്തം ഫാക്ടറി വളപ്പിൽ മായം ചേർത്ത നെയ്യ് നിർമിക്കുകയും ചെയ്തതായാണ് മംഗ്ലക്കെതിരായ ഇഡി ആരോപണം. മായം ചേർത്ത വസ്തുക്കളുടെ യഥാർഥ ഉപയോഗം മറച്ചുവെക്കുന്നതിനും യഥാർഥ പശുവിൻ നെയ്യ് നിർമിച്ച് വിതരണം ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നതിനുമായി നെയ്യും ശുദ്ധീകരിച്ച പാമോയിലും വാങ്ങുകയും വിൽക്കുകയും ചെയ്തതിന്റെ വ്യാജ രേഖകൾ തയ്യാറാക്കി സൂക്ഷിച്ചെന്നും ഇഡി ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്കിന്റെ പ്രൊമോട്ടറും ഡയറക്ടറുമായ വിപിൻ ജെയിനിനെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ശ്രീ വൈഷ്ണവി ഡയറി സ്പെഷ്യാലിറ്റീസ്, മൽഗംഗ മിൽക്ക് ആൻഡ് അഗ്രോ പ്രൊഡക്ട്സ്, എ.ആർ. ഡയറി ഫുഡ്സ് തുടങ്ങിയ സ്ഥാപനങ്ങൾ വഴി മായം ചേർത്ത നെയ്യ് വിതരണം ചെയ്യുന്നതിൽ ജെയിൻ ഏകോപനം നടത്തിയെന്നാണ് ഇഡിയുടെ ആരോപണം.



