ഡിജെ പാർട്ടികൾ മയക്കുമരുന്ന് കേന്ദ്രങ്ങളല്ല…. മുൻവിധി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. ഡിജെ പാർട്ടികളെന്നാൽ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന ധാരണ ശരിയല്ലെന്നും ഇത്തരം പരിപാടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നതെന്നും കോടതി ചോദിച്ചു. രാത്രി ജീവിതം തന്നെ നിരോധിക്കാനാകുമോയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ട് കേൾക്കാനോ പാടില്ലെന്ന് പറയാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. ഹോട്ടലുകളിൽ മദ്യവിൽപ്പനയ്ക്ക് എതിർപ്പില്ലെങ്കിൽ ഡിജെ പാർട്ടികൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു. ഡിജെ സംഗീതം ഒരു തൊഴിലാണെന്നും അതിനെ പൊതുവൽക്കരിക്കരുതെന്നും വ്യക്തമാക്കി. അതേസമയം, മയക്കുമരുന്ന് ഉപയോഗത്തോട് വിട്ടുവീഴ്ചയില്ലെന്നും നിയമലംഘനം ഉണ്ടായാൽ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. ഡിജെ പാർട്ടികൾ നിരീക്ഷിക്കാൻ പൊലീസിനെ വിന്യസിക്കാമെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് നിയമപരമായ അടിസ്ഥാനം വ്യക്തമാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാർട്ടികൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് നൽകിയ നോട്ടീസുകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിശദവാദം കേട്ടത്.

Related Articles

Back to top button