കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിൽ തള്ളി… നാല് പേർ…

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യം ഉൾപ്പെടെയുള്ളവ തമിഴ്നാട്ടിൽ തള്ളിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മാലിന്യം കടത്താൻ ഉപയോഗിച്ച ലോറിയും തെങ്കാശി പൊലീസ് പിടിച്ചെടുത്തു. കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിലെ കൃഷിഭൂമികളിൽ തള്ളുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി.

കേരളത്തിന്റെ മാലിന്യക്കൂമ്പാരമല്ല തമിഴ്നാട് എന്ന പ്രചാരണം വീണ്ടും സജീവമായതിന് പിന്നാലെയാണ് തെങ്കാശി പൊലീസിന്റെ ഇടപെടൽ. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ മാലിന്യം ഉൾപ്പെടെയുള്ളവ രാത്രിയുടെ മറവിൽ തെങ്കാശി ശങ്കരൻകോവിലിലെ കൃഷിഭൂമിയിൽ തള്ളുകയായിരുന്നു. മലയാളത്തിലുള്ള ഫ്ലക്സ് ബോർഡുകളും കേരളത്തിൽ വിൽപ്പനയ്ക്കുള്ള മരുന്നുകളുടെ കുപ്പികളും ഉൾപ്പെടെയുള്ളവ മാലിന്യക്കൂട്ടത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ലോറി ഡ്രൈവർ തിമ്മരാജ്, ഇടനിലക്കാരനായ വെള്ളദുരൈ എന്നിവരടക്കം നാല് തമിഴ്നാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്.

മാലിന്യം തള്ളുന്നവർക്കെതിരെ ഗുണ്ടാനിയമം ചുമത്തുമെന്നും അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കുമെന്നും തെങ്കാശി എസ്പി ആർ. സ്റ്റാലിൻ അറിയിച്ചു. സംഭവത്തിൽ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. 2024 ഡിസംബറിലും തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് 30 ട്രക്കുകളിലായി മാലിന്യം കേരളത്തിലേക്ക് തിരിച്ചുകൊണ്ടുപോകേണ്ടി വന്നിരുന്നു.

Related Articles

Back to top button