IDSFFK ചിത്രങ്ങൾക്ക് അനുമതി നിഷേധിച്ചത് പുനഃപരിശോധിക്കണം… മന്ത്രി

തിരുവനന്തപുരം: കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയായ IDSFFKയിൽ പ്രദർശിപ്പിക്കാൻ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത ചില ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ വിദഗ്ധ സമിതികളാണ് തിരഞ്ഞെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സമഗ്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്കുന്നത് ചലച്ചിത്രമേളകളുടെ ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോക്യുമെന്ററി സിനിമകളും ഹ്രസ്വചിത്രങ്ങളും സമൂഹത്തിലെ വിവിധ യാഥാർഥ്യങ്ങളും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പ്രധാന കലാരൂപങ്ങളാണ്.
വ്യത്യസ്ത ആശയങ്ങൾക്കും ചോദ്യങ്ങൾക്കും സംവാദങ്ങൾക്കും ഇടം നൽകുക എന്നതാണ് രാജ്യാന്തര ചലച്ചിത്രമേളകളുടെ അടിസ്ഥാന സ്വഭാവമെന്നും മന്ത്രി പറഞ്ഞു. പ്രേക്ഷകർക്ക് സിനിമകൾ കാണാനും അവയെ സ്വതന്ത്രമായി വിലയിരുത്താനും വിമർശിക്കാനും അവസരം ലഭിക്കണമെന്നും മന്ത്രി വ്യക്തമാക്കി. IDSFFKയിൽ പ്രദർശനാനുമതി നിഷേധിച്ച ചിത്രങ്ങളുടെ കാര്യത്തിൽ കേന്ദ്ര മന്ത്രാലയം തീരുമാനം പുനഃപരിശോധിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.



