കൊടി, മുദ്രാവാക്യം, സമരം വേണ്ട… കേരള സർവകലാശാലയുടെ കരട് മാർഗരേഖ

തിരുവനന്തപുരം: കലാലയ രാഷ്ട്രീയം നിയന്ത്രിക്കുന്നതിനുള്ള കേരള സർവകലാശാലയുടെ കരട് മാർഗരേഖ വിവാദത്തിൽ. കരട് പുറത്തുവന്നതോടെ രാഷ്ട്രീയഭേദമന്യേ വിവിധ വിദ്യാർഥി സംഘടനകൾ എതിർപ്പുമായി രംഗത്തെത്തി. എന്നാൽ ഇത് അന്തിമ മാർഗരേഖയല്ലെന്നും ഉദ്യോഗസ്ഥർ തയ്യാറാക്കിയ കരട് മാത്രമാണെന്നുമാണ് സർവകലാശാലാ അധികൃതരുടെ വിശദീകരണം.

രാഷ്ട്രീയ പ്രവർത്തനങ്ങൾ, കൊടിനാട്ടൽ, മുദ്രാവാക്യം വിളിക്കൽ, സമരം, റാലി, ധർണ, സാമൂഹികമാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പ്രചാരണം തുടങ്ങിയവ ക്യാമ്പസുകളിൽ അനുവദിക്കരുതെന്നാണ് കരടിലെ നിർദേശങ്ങൾ. ഒരു വിദ്യാർഥിയും ക്യാമ്പസിനുള്ളിൽ സംഘടനയുടെ ഭാഗമാകരുതെന്നും രാഷ്ട്രീയ പാർട്ടികളുടെ കൊടി, ബാനർ, ചിഹ്നങ്ങൾ എന്നിവ സ്ഥാപിക്കരുതെന്നും കരടിൽ നിർദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ, ക്യാമ്പസ് മാറ്റം, ക്യാമ്പസിൽനിന്ന് പുറത്താക്കൽ തുടങ്ങിയ നടപടികൾക്ക് വ്യവസ്ഥയുണ്ടെന്നും റിപ്പോർട്ടുണ്ട്. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളിൽ നിർദേശങ്ങൾ ബാധകമാക്കാനാണ് കരടിൽ പറയുന്നത്.

അതേസമയം, കരട് മാർഗരേഖയെക്കുറിച്ച് സർവകലാശാലയ്ക്കുള്ളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. കരട് അന്തിമമായി അംഗീകരിച്ചിട്ടില്ലെന്നാണ് വൈസ് ചാൻസലറുടെ നിലപാട്. കേരള സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 2026-27 അധ്യയന വർഷത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികളും അറിയിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

Related Articles

Back to top button